ലോക കേരളസഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ദുബായി ഒരുങ്ങി

By Web TeamFirst Published Feb 15, 2019, 2:20 AM IST
Highlights

പ്രവാസികളുടെ പ്രശ്നത്തിൽ സർക്കാരിനും കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾക്കും എന്തൊക്കെ ചെയ്യാനാവുമെന്ന അന്വേഷണമാണ് ദുബായി സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. 

ദുബായി: ലോക കേരളസഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ദുബായി ഒരുങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്ന് 450 പ്രതിനിധികള്‍ പങ്കെടുക്കും. ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ രാവിലെ പത്തുമണിക്ക് ലോക കേരളസഭാ സമ്മേളനത്തിന് തുടക്കമാവും. രാത്രി ഏഴുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും. 

പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കാൻ കഴിഞ്ഞെന്നതാണ് ലോക കേരളസഭയുടെ പ്രധാന നേട്ടമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്നത്തിൽ സർക്കാരിനും കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾക്കും എന്തൊക്കെ ചെയ്യാനാവുമെന്ന അന്വേഷണമാണ് ദുബായി സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. 

പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ 450 -ലേറെ പേർ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് ഉയർന്നുവന്ന നിക്ഷേപസാധ്യതകൾ കിഫ്ബിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഒപ്പം പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ചു പ്രവർത്തിക്കുന്ന പുതിയ പെൻഷൻ ഫണ്ട്, വിമാനയാത്രാക്കൂലി, നഴ്സിംഗ് റിക്രൂട്ട്മെന്‍റേ് തുടങ്ങിയ വിഷയങ്ങള്‍ ലോക കേരളസഭാ ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഏഴ് ഉപസമിതികൾ തയ്യാറാക്കിയ ശുപാർശകൾ സംബന്ധിച്ചുള്ള ചർച്ചകൾ സമ്മേളനത്തിന്‍റെ രണ്ടാം ദിവസം നടക്കും. 
 

click me!