നാട്ടില്‍ പോയി വന്നപ്പോള്‍ ദുബായിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം കാണാനില്ലെന്ന് പരാതി

By Web TeamFirst Published Dec 19, 2018, 3:29 PM IST
Highlights

ദുബായില്‍ തിരികെയെത്തി പണം അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് തിരിച്ചറിഞ്ഞത്. ഉടന്‍ പരാതിയുമായി ബാങ്കിനെ സമീപിച്ചു. അക്കൗണ്ടില്‍ നിന്നും ഉടമയറിയാതെ പണം ട്രാന്‍സ്‍ഫര്‍ ചെയ്യപ്പെട്ടുവെന്നാണ് രേഖകള്‍.

ദുബായ്: വിദേശത്ത് പോയി തിരികെ വന്നപ്പോള്‍ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടമായെന്ന പരാതി. ദുബായ് അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലാണ് വിദേശപൗരന്‍ പരാതിയുമായി സമീപിച്ചത്. ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 36 ലക്ഷം ദിര്‍ഹമാണ് (ഏകദേശം ഏഴുകോടി രൂപ)നഷ്ടമായത്.

ദുബായില്‍ തിരികെയെത്തി പണം അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് തിരിച്ചറിഞ്ഞത്. ഉടന്‍ പരാതിയുമായി ബാങ്കിനെ സമീപിച്ചു. അക്കൗണ്ടില്‍ നിന്നും ഉടമയറിയാതെ പണം ട്രാന്‍സ്‍ഫര്‍ ചെയ്യപ്പെട്ടുവെന്നാണ് രേഖകള്‍. ഇയാളുടെ മൊബൈല്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ ശേഷം ഓണ്‍ലൈന്‍ ട്രാന്‍സ്‍ഫര്‍ വഴി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതാവാമെന്നാണ് അനുമാനം. ഫോണ്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കിയതും അക്കൗണ്ടില്‍ ഇടപാടുകള്‍ നടക്കുന്നതും വിദേശത്തായിരുന്ന ഉടമ അറിഞ്ഞിരുന്നില്ല.

സമാനമായ തട്ടിപ്പുകളെക്കുറിച്ച് നേരത്തെയും പരാതികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പേര് പിടിയിലായിട്ടുണ്ടെന്നും അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്‍ റഹീം ബിന്‍ ഷാഫി പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള സംഘങ്ങളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടക്കുന്നത്. ഇതേ രീതിയില്‍ എട്ട് ലക്ഷം ദിര്‍ഹം നഷ്ടമായെന്ന പരാതിയുമായി മറ്റൊരാളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

വ്യാജ ഇ-മെയിലുകളിലൂടെയും ഔദ്യോഗികമെന്ന് തോന്നാവുന്ന മറ്റ് സന്ദേശങ്ങളിലൂടെയും ഉപഭോക്താവിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പേര്, ജനന തീയ്യതി, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പല സമയങ്ങളിലായി ശേഖരിച്ച ശേഷം ഇതുപയോഗിച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിക്കയോ പണം തട്ടുകയോ ചെയ്യും.

click me!