
ദുബൈ: അല്‍ സഫാ സ്ട്രീറ്റില്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ശൈഖ് സായിദ് റോഡിലെ അൽ സഫ സ്ട്രീറ്റ് ജംങ്ഷൻ മുതൽ അൽ വാസൽ സ്ട്രീറ്റ് ജംക്‌ഷൻ വരെ നീളുന്ന 1.5 കിലോമീറ്ററാണ് പദ്ധതിയില്‍ ഉൾപ്പെടുന്നത്. യാത്രാ സമയം ഗണ്യമായി കുറക്കുകയും വാഹനക്ഷമത ഇരട്ടിയാക്കുകയും എമിറേറ്റിലെ ദ്രുതഗതിയിലുള്ള നഗര വികസനത്തെ പിന്തുണക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രണ്ട് പാലങ്ങളും രണ്ട് ടണലുകളും പദ്ധതിയില്‍ നിര്‍മ്മിക്കും. ഇവയ്ക്ക് ആകെ 3,120 മീറ്ററാണ് നീളം. പദ്ധതി പൂര്‍ത്തിയായാല്‍ അല്‍ സഫ സ്ട്രീറ്റിലെ യാത്രാ സമയം 12 മിനിറ്റില്‍ നിന്ന് വെറും മൂന്ന് മിനിറ്റായി കുറയും. സ്ട്രീറ്റിൽ ഇരുവശത്ത് കൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറില്‍ 6,000 എന്നതില്‍ നിന്ന് 12,000 ആയി ഉയരും. വഴിയാത്രക്കാർക്കായി പ്രത്യേക വോക്ക്‌വേ, സൈക്കിൾ സവാരിക്കാർക്കായി പ്രത്യേക ട്രാക്ക് എന്നിവയും നിർമിക്കും.
പദ്ധതിയുടെ ഭാഗമായുള്ള രണ്ടു പാലങ്ങളിൽ ഒന്നാമത്തേത് അൽ വാസൽ സ്ട്രീറ്റിൽ നിന്ന് തുടങ്ങി ശൈഖ് സായിദ് റോഡ്, ഫിനാൻഷ്യൽ സെന്‍റര്‍ സ്ട്രീറ്റ് എന്നീ ഭാഗത്തേക്കാണ് നിർമിക്കുക. ഈ നാല് വരി പാലത്തിന് നീളം ഒരു കിലോമീറ്ററാണ്. മണിക്കൂറില്‍ 6400 വാഹനങ്ങള്‍ കടന്നു പോകും. രണ്ടാമത്തെ പാലം സത്വ റോഡിൽ നിന്ന് ശൈഖ് സായിദ് റോഡ്, ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് കടന്നു പോകാനാണ്. രണ്ടു വരി പാലത്തിന് 360 മീറ്ററാണ് നീളം. ഇതിലൂടെ മണിക്കൂറിൽ 2800 വാഹനങ്ങൾക്ക് കടന്നുപോകാനാകും. രണ്ട് ടണലുകളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
ഇതില്‍ ആദ്യത്തെ ടണല്‍ ശൈഖ് സായിദ് റോഡിൽ നിന്നും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്നും അൽ വാസൽ സ്ട്രീറ്റിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കും. ഒരു കിലോമീറ്റർ നീളമുള്ള ടണലിൽ രണ്ട് വരി റോഡും 3200 വാഹനങ്ങളെ കടത്തി വിടാനുള്ള ശേഷിയുമുണ്ട്. രണ്ടാമത്തെ ടണൽ അൽ വാസൽ സ്ട്രീറ്റ്, അൽ സഫ സ്ട്രീറ്റ് എന്നിവയുടെ ഇന്‍റര്‍ സെക്‌ഷനിലാണ്. ആകെ 750 മീറ്റർ ടണലിൽ 2 വരി റോഡും 6400 വാഹനങ്ങൾ കടത്തി വിടാനുള്ള ശേഷിയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ