ദുബൈയില്‍ എക്സ്പോ വേദിയിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസുകള്‍

By Web TeamFirst Published Sep 11, 2021, 7:15 PM IST
Highlights

ഹോട്ടലുകളില്‍ നിന്ന് നേരിട്ട് എക്സ്പോ വേദിയിലേക്ക് എത്തിക്കാനായി രണ്ട് റൂട്ടുകള്‍ കൂടി ആരംഭിക്കും. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് എക്സ്പോ ഗേറ്റുകളിലേക്ക് എത്തിക്കാനും ഫെറി വഴി എത്തുന്നവര്‍ക്കായും വേറെയും ബസ്‍ സര്‍വീസുകളുണ്ടാവും. 

ദുബൈ: എക്സ്പോ വേദിയിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി. ദുബൈയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നായിരിക്കും ഈ സര്‍വീസുകള്‍. ഇതിനായി എക്സ്പോ റൈഡര്‍ എന്ന പേരില്‍ 126 ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്.

ഇതിന് പുറമെ ഹോട്ടലുകളില്‍ നിന്ന് നേരിട്ട് എക്സ്പോ വേദിയിലേക്ക് എത്തിക്കാനായി രണ്ട് റൂട്ടുകള്‍ കൂടി ആരംഭിക്കും. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് എക്സ്പോ ഗേറ്റുകളിലേക്ക് എത്തിക്കാനും ഫെറി വഴി എത്തുന്നവര്‍ക്കായും വേറെയും ബസ്‍ സര്‍വീസുകളുണ്ടാവും. ശനിയാഴ്‍ച മുതല്‍ ബുധനാഴ്‍ച വരെയുള്ള ദിവസങ്ങളില്‍ ആകെ 1956 പ്രതിദിന ട്രിപ്പുകളായിരിക്കും ഈ ബസുകള്‍ ഓടുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ട്രിപ്പുകളുടെ എണ്ണം 2,203 ആക്കി വര്‍ദ്ധിപ്പിക്കും. മൂന്ന് മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ഇടവേളകളിലായിരിക്കും സര്‍വീസുകള്‍ ക്രമീകരിക്കുക. 

എക്സ്പോ സന്ദര്‍ശകര്‍ക്കായുള്ള ബസ്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി സജ്ജമാണെന്ന് ഡയറക്ടര്‍ ജനറല്‍ മതാര്‍ മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളും സുരക്ഷയുമുള്ള വാഹനങ്ങളില്‍ എല്ലാ സൗകര്യങ്ങളുമുണ്ടാകും. മലീനികരണം പരമാവധി കുറയ്‍ക്കാന്‍ യൂറോ - 6 നിലവാരത്തിലുള്ള ബസുകളാണ് ഉപയോഗിക്കുന്നത്.

കാര്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിന്ന് എക്സ്പോയുടെ മൂന്ന് ഗേറ്റുകളിലേക്കും. വിവിധ ഗേറ്റുകള്‍ക്കിടയിലും ബസ് സര്‍വീകളുണ്ടാകും. ഇതിനായി 15 ബസുകളാണുണ്ടാവുക. ശനി മുതല്‍ ബുധന്‍ വരെ 310 പ്രതിദിന സര്‍വീസുകളും വ്യാഴം, വെള്ളി ദിവസങ്ങളില്‍ 350 സര്‍വീസുകളും ഈ ബസുകള്‍ നടത്തും. 12 റിസര്‍വ് ബസുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ എമിറേറ്റുകളില്‍ നിന്ന് ദുബൈയിലെ എക്സ്പോ വേദിയിലേക്കുള്ള ബസ് സര്‍വീസുകള്‍ നേരത്തെ തന്നെ ആര്‍.ടി.എ പ്രഖ്യാപിച്ചിരുന്നു.

click me!