ടിക് ടോക്കില്‍ അക്കൗണ്ട്‌ തുടങ്ങി ദുബൈ ഭരണാധികാരി; യുവജനങ്ങള്‍ക്ക് പ്രചോദനമേകി ആദ്യ വീഡിയോ

By Web TeamFirst Published Dec 19, 2020, 7:00 PM IST
Highlights

ലോകത്താകമാനം 800 മില്യന്‍ ജനങ്ങളാണ് ടിക് ടോക് ഉപയോഗിക്കുന്നത്. ജനങ്ങള്‍ എവിടെയാണോ അവിടെ താനുമുണ്ടായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പുതിയ ടിക് ടോക് അക്കൗണ്ട്‌ തുടങ്ങിയ വിവരമറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു. 

ദുബൈ: വീഡിയോ അധിഷ്‍ഠിത സാമൂഹിക മാധ്യമമായ ടിക് ടോക്കില്‍ അക്കൗണ്ട്‌ തുടങ്ങി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവുമധികം പിന്തുടരപ്പെടുന്ന ലോക നേതാക്കളിലൊരാളായ ശൈഖ് മുഹമ്മദ് സ്വന്തം ശബ്‍ദത്തില്‍ തന്നെ ആദ്യം വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്‍തു.

മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ശൈഖ് മുഹമ്മദിന്റെ ആദ്യ വീഡിയോക്ക് ലഭിച്ചത്. തന്റെ 50 വര്‍ഷത്തെ പൊതുസേവന അനുഭവങ്ങളും സമൂഹത്തില്‍ നേതൃപരമായ പങ്ക് വഹിക്കുന്നതിലുള്ള കാഴ്‍ചപ്പാടുകളും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യുവജനങ്ങളോടുള്ള ആഹ്വാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഹ്രസ്വ വീഡിയോ സന്ദേശങ്ങള്‍ ഇനി ടിക് ടോക്കിലും നിറയും. 

ബഹുഭൂരിപക്ഷം യുവാക്കളടങ്ങുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ദുബൈ ഭരണാധികാരി ടിക് ടോക്കിലേക്കും എത്തുന്നത്. ലോകത്താകമാനം 800 മില്യന്‍ ജനങ്ങളാണ് ടിക് ടോക് ഉപയോഗിക്കുന്നത്. ജനങ്ങള്‍ എവിടെയാണോ അവിടെ താനുമുണ്ടായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പുതിയ ടിക് ടോക് അക്കൗണ്ട്‌ തുടങ്ങിയ വിവരമറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു. അറബി ഭാഷയിലുള്ള പോസിറ്റീവ് ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കണം. യുവാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും നമ്മുടെ കാര്യങ്ങള്‍ അവരെ അറിയിക്കാനും കഴിയണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നു. 

click me!