ദുബായ് വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണി; കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളെ ബാധിക്കും

By Web TeamFirst Published Feb 22, 2019, 1:19 PM IST
Highlights

ദുബായ് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് അടച്ചിടുന്നത്. ഒരു റണ്‍വേ മാത്രമേ ഈ സമയത്ത് ഉപയോഗിക്കാനാവൂ. സര്‍വീസുകള്‍  ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റിയായിരിക്കും പകരം സംവിധാനം ഒരുക്കുന്നത്. 

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നത് കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളെ ബാധിക്കും. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ റണ്‍വേ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. നിരവധി സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (DWC) വിമാനത്താവളത്തിലേക്ക് മാറ്റും.

ദുബായ് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് അടച്ചിടുന്നത്. ഒരു റണ്‍വേ മാത്രമേ ഈ സമയത്ത് ഉപയോഗിക്കാനാവൂ. സര്‍വീസുകള്‍  ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റിയായിരിക്കും പകരം സംവിധാനം ഒരുക്കുന്നത്. ഇന്ത്യയിലേക്കുള്ളത് ഉള്‍പ്പെടെ 158 സര്‍വീസുകള്‍ ഇങ്ങനെ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഫ്ലൈ ദുബായ്, ഗൾഫ് എയർ, ഹിമാലയ എയർലൈൻസ്, നേപ്പാൾ എയർലൈൻസ്, വിസ് എയർ, അയറോഫ്ലോട്ട്, കോൺഡോർ, റോയൽ ജോർദാനിയൻ, യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസ്, കുവൈത്ത് എയർവേയ്സ്, സലാം എയർ, മഹാൻ എയർ, ഫ്ലൈനാസ്, അസർ എയർ സർവീസുകളെയാണ് ബാധിക്കുക.

രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ഓരോ അര മണിക്കൂറിലും സൗജന്യ എക്സ്‍പ്രസ് ബസ് സര്‍വീസുകളുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റ് പ്രധാന സ്ഥലങ്ങളില്‍ നിന്ന് ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയും അറിയിച്ചിട്ടുണ്ട്. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ടാക്സി സൗകര്യവുമുണ്ടാകും. കരീം ആപ് വഴി ടാക്സി ബുക്ക് ചെയ്യുന്നവര്‍ക്ക് 25 ശതമാനം നിരക്കിളവ് നല്‍കാനും ധാരണയായിട്ടുണ്ട്. 

ഒരു റണ്‍വേ അടയ്ക്കുമെങ്കിലും അവശേഷിക്കുന്ന റണ്‍വേയുടെ 96 ശതമാനവും ഉപയോഗിക്കും. ഇത് കാരണം വിമാനങ്ങളുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ കുറവേ ഈ സമയത്തുമുണ്ടാകൂ. ചില കമ്പനികള്‍ വലിയ വിമാനങ്ങള്‍ ഉപയോഗിക്കുമെന്നതിനാല്‍ സീറ്റുകളുടെ എണ്ണത്തില്‍ 26 ശതമാനത്തിന്റെ കുറവേ ഉണ്ടാകൂ. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിന്റെ അധികശേഷി കൂടി പ്രയോജനപ്പെടുത്തേണ്ടി വന്നാല്‍ ആകെ സര്‍വീസുകളുടെ 10 ശതമാനം മാത്രം കുറവേയുണ്ടാകൂ. സീറ്റുകളുടെ എണ്ണം 11 ശതമാനവും കുറയും. എന്നാല്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്തവളത്തിലെ തിരക്ക്ഏഴിരട്ടി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.

click me!