കുട്ടികള്‍ക്ക് പനിയും ശാരീരിക അസ്വസ്ഥതകളും; ദുബായില്‍ സ്കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചു

By Web TeamFirst Published Apr 11, 2019, 1:13 PM IST
Highlights

ദുബായ് മുനിസിപ്പാലിറ്റിയിലെയും ദുബായ് ഹെല്‍ത്ത് അതോരിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി പരിശോധിച്ചു. സ്കൂള്‍ ക്യാമ്പസ് മുഴുവന്‍ ശുചീകരിക്കുന്നതിനായാണ് ഏപ്രില്‍ 10,11 തീയ്യതികളില്‍ അവധി നല്‍കിയത്. 

ദുബായ്: കുട്ടികളില്‍ ചിലര്‍ക്ക് പനിയും ഛര്‍ദിയും പോലുള്ള ശാരീരിക അസ്വസ്ഥകളുണ്ടായതിന് പിന്നാലെ ദുബായിലെ സ്കൂളിന് അധികൃതര്‍ രണ്ട് ദിവസത്തെ അവധി നല്‍കി.  അല്‍ ഖര്‍ഹൂദിലെ ദ കിന്റര്‍ ഗാര്‍ട്ടന്‍ സ്റ്റാര്‍ട്ടേഴ്സ് സ്കൂളിനാണ് അവധി നല്‍കിയത്.  വൈറല്‍ അണുബാധയാകാം കുട്ടികള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമായതെന്നാണ് അനുമാനം.

ദുബായ് മുനിസിപ്പാലിറ്റിയിലെയും ദുബായ് ഹെല്‍ത്ത് അതോരിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി പരിശോധിച്ചു. സ്കൂള്‍ ക്യാമ്പസ് മുഴുവന്‍ ശുചീകരിക്കുന്നതിനായാണ് ഏപ്രില്‍ 10,11 തീയ്യതികളില്‍ അവധി നല്‍കിയത്.  വിവിധ ക്ലാസുകളില്‍ പഠിക്കുന്ന ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നും സ്കൂളിലേക്ക് അയക്കരുതെന്നും കാണിച്ച് രക്ഷിതാക്കള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചു. 

മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായപ്പോള്‍ വിദഗ്ദ സംഘത്തെ നിയോഗിച്ച് സ്കൂള്‍ പരിസരം ശുചീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നെന്നാണ് അധികൃതര്‍ അറിയിച്ചത്. അവധി നല്‍കിയ ദിവസത്തെ ക്ലാസുകള്‍ പിന്നീട് ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

click me!