
മക്ക: ഉംറ തീര്‍ത്ഥാടനത്തിനായെത്തിയ 52 അംഗ സംഘം പാസ്പോര്‍ട്ടുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് മക്കയില്‍ കുടുങ്ങി. 33 ഇന്ത്യക്കാരടങ്ങുന്ന സംഘം കുവൈത്തില്‍ നിന്നാണ് മക്കയിലെത്തിയത്. ഇന്ത്യക്കാരില്‍ 21 പേര്‍ മലയാളികളും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.
കുവൈത്തില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ ഇവര്‍ അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഹോട്ടലിലെത്തിയത്. ഇവിടെ വെച്ച് പാസ്‍പോര്‍ട്ടുകള്‍ ഒരുമിച്ച് ഒരു ബാഗിലാക്കി ഹോട്ടല്‍ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. പിന്നീട് ഹോട്ടലില്‍ നിന്നാണ് പാസ്പോര്‍ട്ടുകള്‍ നഷ്ടമാകുന്നത്. കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍ ഏതാനും ദിവസത്തെ അവധിക്കാണ് മക്കയിലെത്തിയത്. എന്നാല്‍ പാസ്‍പോര്‍ട്ട് നഷ്ടമായതോടെ മടക്കയാത്ര മുടങ്ങി. ജോലിയില്‍ തിരികെ പ്രവേശിക്കുന്നതടക്കമുള്ള കാര്യങ്ങളിലും പലര്‍ക്കും ആശങ്കയുണ്ട്.
ട്രാവല്‍ ഏജന്‍സി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവൂ. ഇവരില്‍ പലരും വിവിധ ഏജന്‍സികള്‍ വഴിയാണെത്തിയത്. പ്രശ്നത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം കാലാവധിയുള്ള താല്‍കാലിക പാസ്‍പോര്‍ട്ട് നല്‍കാനാണ് തീരുമാനം. എന്നാല്‍ പുതിയ പാസ്‍പോര്‍ട്ട് ലഭിച്ചാലും അതില്‍ കുവൈത്ത് വിസ സ്റ്റാമ്പ് ചെയ്താല്‍ മാത്രമേ ഇവര്‍ക്ക് തിരികെ പോകാനാവൂ. സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തുകയും അവിടെ നിന്ന് ഉംറ വിസയില്‍ മക്കയില്‍ വന്നവരും കൂട്ടത്തിലുണ്ട്. പാസ്‍പോര്‍ട്ട് ഇല്ലാത്തതിനാല്‍ സൗദിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam