
ദുബായ്: ഫീസ് കൊടുക്കാത്തതിന് കുട്ടികളെ സ്കൂളില്‍ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണെന്ന് ദുബായ് പൊലീസ്. തങ്ങളുടെ സഹപാഠികളെ സ്കൂളിലെ ജിംനേഷ്യത്തില്‍ പൂട്ടിയിട്ടെന്ന് ആരോപിച്ച് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്.
കുട്ടികളെ പൂട്ടിയിട്ടില്ലെന്നും എന്നാല്‍ ഫീസ് കൊടുക്കാത്തവരെ വിളിപ്പിച്ച ശേഷം രക്ഷിതാക്കള്‍ വരുന്നത് വരെ സ്കൂളില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് പൊലീസിനെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫീസ് നല്‍കാത്തതിന്റെ പേരില്‍ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനോ പരീക്ഷകള്‍ എഴുതുന്നതില്‍ നിന്ന് തടയാനോ സ്കൂളുകള്‍ക്ക് അധികാരമില്ലെന്ന് ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റി അറിയിച്ചു. നിയമപ്രകാരം ഫീസ് നല്‍കുന്നതുവരെ പരീക്ഷാ റിസള്‍ട്ടോ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ തടഞ്ഞുവെയ്ക്കുവാന്‍ മാത്രമേ സ്കൂളുകള്‍ക്ക് കഴിയൂ.
സ്കൂള്‍ ക്യാമ്പസില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പട്രോള്‍ സംഘം സ്കൂളിലെത്തിയിരുന്നു. കുട്ടികള്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഉന്നയിച്ച ആരോപണം ശരിയല്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നിയമപരമായ മറ്റ് നടപടികള്‍ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam