
റിയാദ്: വാഹനങ്ങൾ റോഡിലെ ട്രാക്ക് തെറ്റിച്ചാൽ ഉടൻ പിടിവീഴും. അത്തരം വാഹനങ്ങളെ നിരീക്ഷിക്കാൻ സ്മാർട്ട് കാമറ വരുന്നു. ട്രാക്ക് തെറ്റിക്കുന്ന ഡ്രൈവിങ് നിരീക്ഷിച്ച് പിടികൂടാൻ സ്മാർട്ട് കാമറകൾ സ്ഥാപിക്കുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പാണ് അറിയിച്ചത്. ട്രാഫിക് രംഗത്തെ കൂടുതൽ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വിപുലപ്പെടുത്തുകയാണെന്നും അതിന്റെ ഭാഗമാണിതെന്നും അധികൃതർ പറഞ്ഞു.
റോഡപകടങ്ങളിൽ 85 ശതമാനവും മനുഷ്യന്ററെ പിഴവുകൾ കൊണ്ട് ഉണ്ടാവുന്നതാണ്. ഒന്ന് ശ്രദ്ധവെച്ചാൽ നിഷ്പ്രയാസം ഒഴിവാക്കാൻ സാധിക്കുന്ന ഈ പിഴവുകൾ എന്നാൽ വലിയ അപകടങ്ങളാണുണ്ടാക്കുന്നതെന്നും ചിലപ്പോൾ ജീവനുകൾ പൊലിയാൻ തന്നെ അത് കാരണമാകുന്നുവെന്നും ജനറൽ ട്രാഫിക് വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസാമി പറഞ്ഞു. അഞ്ചാമത് അന്താരാഷ്ട്ര ട്രാഫിക് സുരക്ഷ എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകട നിരക്ക് കുറയ്ക്കുന്നതിന് വാഹനം ഒാടിക്കുന്നവരെ ബോധവത്കരിക്കാനുള്ള കാമ്പയിൻ പ്രവർത്തനങ്ങൾ ട്രാഫിക് വകുപ്പിന് കീഴിൽ തുടരുകയാണ്. പലനിലയ്ക്കുള്ള ബോധവത്കരണ പരിപാടികളാണ് നടക്കുന്നത്. ബോധവത്കണം ലക്ഷ്യം വെച്ച് ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളും നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
നേരത്തെയുണ്ടാക്കിയ സാങ്കേതിക സംവിധാനങ്ങൾ ഡ്രൈവർമാരുടെ പെരുമാറ്റങ്ങളും ശീലങ്ങളും മാറ്റാനും ഗതാഗതം നിയന്ത്രിതവും വ്യവസ്ഥാപിതവുമാക്കാനും സഹായിച്ചതായും ട്രാഫിക് മേധാവി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam