യുഎഇയില്‍ സ്വകാര്യ ആശുപത്രി മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്

By Web TeamFirst Published Oct 26, 2019, 4:25 PM IST
Highlights

പരിശോധനകള്‍ക്കും ഫീല്‍ഡ് വിസിറ്റുകള്‍ക്കും ശേഷമാണ് ആശുപത്രി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തില്‍ നിരന്തര നിയമലംഘനങ്ങള്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായും അറിയിച്ചിട്ടുണ്ട്. 

ദുബായ്: നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ദുബായിലെ സ്വകാര്യ ആശുപത്രി മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതായി ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. നിയമലംഘനങ്ങള്‍ അനുവദിക്കാനാവില്ലെന്നും ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ബാധകമായ ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ദുബായ് ഹെല്‍ത്ത് അതോരിറ്റി വ്യക്തമാക്കി.

പരിശോധനകള്‍ക്കും ഫീല്‍ഡ് വിസിറ്റുകള്‍ക്കും ശേഷമാണ് ആശുപത്രി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തില്‍ നിരന്തര നിയമലംഘനങ്ങള്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായും അറിയിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയിലാണ് ആശുപത്രി അടച്ചിടാന്‍ നിര്‍ദേശിച്ചത്. ആശുപത്രികള്‍ക്ക് നിയമപ്രകാരം ബാധകമായ ആരോഗ്യ, പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ബാധകമായ നിയമങ്ങള്‍ പാലിക്കുന്നതിലും ആശുപത്രി വീഴ്ച വരുത്തി. 

ഓപ്പറേഷന്‍ തീയറ്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗവും അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്. ഒ.പി വിഭാഗത്തില്‍ രോഗികളെ പരിശോധിക്കാമെങ്കിലും പുതിയ രോഗികളെ സ്വീകരിക്കാനാവില്ല. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ക്ക് അത് തുടരാന്‍ മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നത്.  മൂന്ന് മാസത്തിന് ശേഷം വീണ്ടും പരിശോധന നടത്തി തുടര്‍ നടപടി സ്വീകരിക്കും. രോഗികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഒട്ടും അമാന്തമുണ്ടാവില്ലെന്നും ഡി.എച്ച്.എ അറിയിച്ചിട്ടുണ്ട്.

click me!