
ദുബായ്: ബലിപെരുന്നാൾ നമസ്‌കാരത്തിനായി ദുബായ് എമിറേറ്റിലെ 937 പള്ളികളും ഈദ്ഗാഹുകളും പൂർണ്ണമായും സജ്ജമായതായി ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. നാളെ ബുധനാഴ്ച പുലർച്ചെ 5:45-നാണ് ദുബായിൽ പെരുന്നാൾ നമസ്‌കാരം നടക്കുക. വിശ്വാസികൾക്ക് പൂർണ്ണ സമാധാനത്തോടും സുരക്ഷിതത്വത്തോടും കൂടി ആരാധനകൾ നിർവ്വഹിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയ സമഗ്രമായ പ്രവർത്തന പദ്ധതിയാണ് മന്ത്രാലയം പൂർത്തിയാക്കിയിട്ടുള്ളത്.
ഇത്തവണത്തെ പെരുന്നാൾ നമസ്‌കാരത്തിൽ ദുബായിലെ പള്ളികളിൽ പെരുന്നാൾ തക്ബീറുകൾ മുഴക്കാനും ബാങ്ക് വിളിക്കാനും 'മുഅദ്ദിൻ അൽ ഫ്രീജ്' പദ്ധതിയിലെ സ്വദേശികളായ കുട്ടികളും പങ്കാളികളാകും എന്നതാണ് പ്രത്യേകത. കുട്ടികൾക്ക് മതപരമായ ആചാരങ്ങളോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനും എമിറാത്തി സ്വത്വവും ഇസ്‌ലാമിക മൂല്യങ്ങളും അവരിൽ വളർത്തിയെടുക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെരുന്നാൾ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും തക്ബീർ ധ്വനികൾ മുഴക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
പെരുന്നാൾ പ്രമാണിച്ച് പള്ളികളിലെയും ഈദ്ഗാഹുകളിലെയും സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉയർന്ന നിലവാരത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. പള്ളികളിലേക്കുള്ള പ്രവേശനവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പ്രാർത്ഥനാ സ്ഥലങ്ങളിൽ എത്തിച്ചേരണമെന്നും ക്രമീകരണങ്ങളുമായി സഹകരിക്കണമെന്നും ഐഎസിഎഡി
നിർദ്ദേശിച്ചു. പെരുന്നാൾ നമസ്‌കാരം നടക്കുന്ന പള്ളികളുടെ പുതുക്കിയ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. യുഎഇ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഐഎസിഎഡി ഡയറക്ടർ ജനറൽ അഹമ്മദ് ദർവിഷ് അൽ മുഹൈരി പെരുന്നാൾ ആശംസകൾ നേർന്നു. ബലിപെരുന്നാൾ അനുസരണത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണെന്നും യുഎഇ സമൂഹത്തിന്റെ സഹിഷ്ണുതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam