
മസ്‌കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചു. വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ 382 തടവുകാരെയാണ് സുൽത്താന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്.
റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ പരമോന്നത സേനാധിപനായ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കരുണാപൂർണമായ തീരുമാനമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യങ്ങൾ പരിഗണിച്ചാണ് പ്രത്യേക മാപ്പ് അനുവദിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സുൽത്താന്‍റെ ഈ മാനുഷിക ഇടപെടൽ തടവുകാരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസവും സന്തോഷവും പകരുമെന്നാണ് പ്രതീക്ഷ.
ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും. കാരുണ്യവും സാമൂഹിക ഐക്യവും വളർത്തുന്നതിന്റെയും തടവുകാർക്ക് ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകുന്നതിന്റെയും ഭാഗമായാണ് ഈ വലിയ മാനുഷിക നടപടി.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ തിരുത്തൽ- ശിക്ഷാ കേന്ദ്രങ്ങളിൽ നിന്നായി 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. തടവുകാരുടെ മോചനത്തിന് പുറമെ, ശിക്ഷാകാലയളവിൽ ഇവരുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പിഴകളും അടച്ചുതീർക്കുമെന്നും യുഎഇ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും ഈ നടപടി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവിധ രാജ്യക്കാരായ 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ജയിലിൽ നല്ല പെരുമാറ്റം കാഴ്ചവെച്ച 443 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 230 തടവുകാരെ മോചിപ്പിക്കാൻ നിർദ്ദേശം നൽകി.
ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 227 തടവുകാർക്കാണ് പെരുന്നാൾ പ്രമാണിച്ച് മോചനം അനുവദിച്ചത്. ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ജയിലിൽ നിന്ന് നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam