നിയമവിരുദ്ധമായി മുറികൾ തിരിച്ചു; ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

Published : Aug 21, 2026, 10:38 AM IST
toyota building

Synopsis

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി. കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ച ശേഷം പൊളിച്ചുനീക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചതിനെ തുടർന്ന് 70 ശതമാനം താമസക്കാരും ഒഴിഞ്ഞുപോയി. പിഴയും കുടിശ്ശികയും അടച്ചാൽ മാത്രമേ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

ദുബായ്: ശൈഖ് സായിദ് റോഡിലെ പ്രശസ്തമായ നാസർ റാഷിദ് ലൂത്ത ബിൽഡിംഗിൽ (ടൊയോട്ട ബിൽഡിംഗ്) അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചവർക്ക് വൻതുക പിഴ ചുമത്തി അധികൃതർ. പിഴയും ജല-വൈദ്യുതി കുടിശ്ശികകളും തീർത്ത ശേഷം മാത്രമേ താമസക്കാർക്ക് കെട്ടിടമൊഴിയാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് ബിൽഡിംഗ് മാനേജ്‌മെന്റ് വ്യക്തമാക്കി.

അപ്പാർട്ട്‌മെന്റുകൾക്കുള്ളിൽ അനുമതിയില്ലാതെ വേർതിരിക്കലുകൾ നടത്തുന്നതിനെതിരെ ദുബായ് മുൻസിപ്പാലിറ്റിയാണ് നേരിട്ട് കേസെടുത്ത് പിഴ ചുമത്തുന്നത്. നിയമലംഘനം നടത്തുന്ന താമസക്കാർക്ക് ദുബായ് മുൻസിപ്പാലിറ്റി നേരിട്ടാണ് നോട്ടീസും പിഴയും അയക്കുന്നത്.

വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകൾക്കുള്ളിൽ മാനേജ്‌മെന്റിനോ കെട്ടിട ഉടമയ്‌ക്കോ അനുമതിയില്ലാതെ പ്രവേശിക്കാൻ നിയമപരമായി അവകാശമില്ല. അതിനാൽ എത്ര മുറികൾ തിരിച്ചിട്ടുണ്ടെന്നോ എത്രപേർ താമസിക്കുന്നുണ്ടെന്നോ മുൻകൂട്ടി അറിയാൻ സാധിച്ചിരുന്നില്ല. ചില അപ്പാർട്ട്‌മെന്റുകളിൽ പതിനഞ്ചോളം ആളുകൾ വരെ താമസിച്ചിരുന്നതായി അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.

70 ശതമാനം ഭാഗവും ഒഴിഞ്ഞു

അനധികൃതമായി ആളുകളെ താമസിപ്പിച്ചിരിക്കുന്ന ഫ്ലാറ്റുകൾ അടിയന്തരമായി ഒഴിപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്ന് നിലവിൽ കെട്ടിടത്തിന്റെ 70 ശതമാനത്തോളം ഭാഗവും ആളുകൾ ഒഴിഞ്ഞുപോയിട്ടുണ്ട്. ഒഴിഞ്ഞുപോകുന്ന ഫ്ലാറ്റുകളിലെ ജല-,വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചുവരികയാണ്.

ഫ്ലാറ്റുകൾ അനധികൃതമായി തരംതിരിക്കുന്നത് തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 1974-ൽ നിർമ്മിച്ച 15 നിലകളുള്ള ഈ പ്രശസ്തമായ കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ച ശേഷം പൊളിച്ചുനീക്കുമെന്ന് മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. എന്നാൽ ഏത് തീയതിയിലാണ് പൊളിക്കുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 1981-ൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ ടൊയോട്ട പരസ്യ ബോർഡിലൂടെയാണ് ഇത് 'ടൊയോട്ട ബിൽഡിംഗ്' എന്ന പേരിൽ പ്രശസ്തമായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ സ്വന്തം നാട്ടുകാരനെ ചതിയിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; യമൻ സ്വദേശിയെ വധശിക്ഷക്ക് വിധേയമാക്കി
റിയാദ് വിമാനത്താവളം ഇനി നിശബ്ദം, അനൗൺസ്മെൻറുകളില്ല; ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു