സൗദിയിൽ​ ശക്തമായ പൊടിക്കറ്റും മഴയും: ജനജീവിതം ദുസ്സഹമായി

By Web TeamFirst Published Feb 26, 2020, 4:18 PM IST
Highlights

തായിഫിന്റെ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. റിയാദ്​ - ജിദ്ദ എക്​സ്​പ്രസ്​ ഹൈവേ കടന്നുപോകുന്ന തായിഫ്​ മേഖലയിലും ചൊവ്വാഴ്​ച ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്​ മൂലം ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ട്​ മുതൽ തുടങ്ങിയ ശക്തമായ കാറ്റ് സുഗമമായ ഗതാഗതത്തെ തടസ്സപ്പെടുത്തി.

റിയാദ്​: ശൈത്യകാലത്തിന്​ അവസാനം കുറിച്ച്​ സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിനോടൊപ്പം മഴയുമുണ്ടായി. തിങ്കളാഴ്​ച ചില ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റ്​ ചൊവ്വാഴ്​ച രാജ്യവ്യാപകമായി ആഞ്ഞുവീശി. മക്ക, തായിഫ്​, തബൂക്ക്​, മധ്യ​പ്രവിശ്യ തുടങ്ങിയ മേഖലകളിലാണ്​ മഴ​. പുലർച്ചെയാണ്​​ മക്കയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്​തത്​. ചിലയിടങ്ങളിൽ മഴ അൽപം ശക്​തമായിരുന്നു.

തായിഫിന്റെ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. റിയാദ്​ - ജിദ്ദ എക്​സ്​പ്രസ്​ ഹൈവേ കടന്നുപോകുന്ന തായിഫ്​ മേഖലയിലും ചൊവ്വാഴ്​ച ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്​ മൂലം ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ട്​ മുതൽ തുടങ്ങിയ ശക്തമായ കാറ്റ് സുഗമമായ ഗതാഗതത്തെ തടസ്സപ്പെടുത്തി. യാത്രക്കാരെ ഏറെ വലച്ചു. പലയിടങ്ങളിലും ഗതാഗതം കുറച്ച്​ സമയത്തേക്ക്​ ഹൈവേ പൊലീസ്​ തടഞ്ഞു. പൊടിക്കാറ്റ്​ മൂലം കാഴ്​ച മറഞ്ഞു. ഡ്രൈവർമാർക്ക്​ മുന്നിലുള്ളതൊന്നും കാണാൻ പറ്റാത്ത സാഹചര്യമുണ്ടായി. ദീർഘദൂര സർവിസുകൾ നടത്തുന്ന വലിയ കണ്ടയ്നർ ലോഹികൾ പിടിച്ചിട്ടു.

ആളപായമില്ലാത്ത ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെങ്കടലിലുണ്ടായ അസാധാരണമായ കടൽക്ഷോഭത്തിൽ ജിദ്ദ കോർണീഷ് റോഡിൽ വെള്ളം കയറി. റോഡിലേക്ക്​ ശക്തമായി കടൽ തിരമാലകൾ ഇരച്ചുകയറി വെള്ളം നിറഞ്ഞതിനാൽ മണിക്കൂറൂകളോളം ഗതാഗതം തടസ്സപ്പെട്ടു. സൗദി സുരക്ഷാസേനയും ഗതാഗത ഉദ്യോഗസ്ഥരും രംഗത്തിറങ്ങി വാഹനങ്ങളെ തിരിച്ചുവിട്ടും മറ്റും മേഖല സുരക്ഷിതമാക്കി. അതേസമയം സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പട്ടണമായ അറാറിന്റെ പടിഞ്ഞാറൻ മേഖലയിൽ മഴയും ആലിപ്പഴവർഷവും. ഹസം ജലാമിദിന്​ പടിഞ്ഞാറും തുറൈഫിന്​ കിഴക്കും കിലോമീറ്റർ ദൂരത്തിലാണ്​ ആലിപ്പഴ വർഷമുണ്ടായത്​. ഇതോടെ പ്രദേശത്ത്​ തണുപ്പ്​ കൂടിയിട്ടുണ്ട്​.

മേഖലയിൽ കാലാവസ്​ഥ വ്യതിയാനമുണ്ടാകും. ചിലയിടങ്ങളിൽ താപനില പൂജ്യമെത്തിയേക്കുമെന്നും കാലാവസ്​ഥ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്ത്​ കാലാവസ്​ഥ മാറ്റമുണ്ടാകുമെന്ന്​ കഴിഞ്ഞദിവസം മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതേ തുടർന്ന്​ അതത്​ മേഖല സിവിൽ ഡിഫൻസ്​ ആവശ്യമായ മുൻകരുതലെടുത്തിരുന്നു. അതെസമയം, പടിഞ്ഞാറൻ മേഖലകളിൽ കാലാവസ്​ഥ വ്യതിയാനം തുടരുകയാണ്​. തബൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ മഴയും മഞ്ഞു വീഴ്​ചയുമുണ്ടായി. ഹഖ്​ൽ, ബിദ്​അ്​, വജ്​ഹ്​, ളുബാഅ്​ തുടങ്ങിയ സ്​ഥലങ്ങളിലാണ്​ മഴ പെയ്​തത്​.

ലോസ് മലകൾക്ക്​​ മുകളിലും മർക്കസ്​ അൽഖാൻ പോലുള്ള മേഖലയിലെ ഉയർന്ന സ്​ഥലങ്ങളിലുമാണ്​ മഞ്ഞുവീഴ്​ചയുണ്ടായത്​. ഇതേതുടർന്ന്​ മുൻകരുതലെന്നോണം മലപ്രദേശത്തേക്കുള്ള പല ​റോഡുകളും താത്​കാലികമായി അടച്ചു​. മേഖലയിൽ മഴയും മഞ്ഞുവീഴ്​ചയുമുണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന്​ വേണ്ട മുൻകരുതലെടുക്കാൻ റെഡ്​ക്രസൻറ്​ അതോറിറ്റിയും സിവിൽ ഡിഫൻസ് ഡയറക്​ടറേറ്റും പ്രദേശവാസികളോട്​ ആവ​ശ്യപ്പെട്ടിരുന്നു. മഞ്ഞുവീഴ്​ച കാണാൻ ആളുകൾ മലമുകളിലെത്തുമെന്നതിനാൽ പ്രദേശത്തെ റോഡുകളിൽ ട്രാഫിക്​, പൊലീസ്​ ഉദ്യോഗസ്​ഥരെയും നിയോഗിച്ചിരുന്നു.

click me!