മുഖം മിനുക്കാന്‍ റിയാദ്; സൗദിയുടെ തലസ്ഥാന നഗരിക്ക് പ്രൗഢിയേറും

By Web TeamFirst Published Feb 26, 2020, 12:25 AM IST
Highlights

നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന "റിയാദ് ഗ്രീൻ പദ്ധതിക്കും" തുടക്കമായി. തലസ്ഥാന നഗരിയുടെ വ്യത്യസ്‌ത ഭാഗങ്ങളെ ഫലപ്രദമായി ബന്ധിപ്പിക്കാനും സുസ്ഥിര ഗതാഗത സേവനവും ലോജിസ്റ്റിക് സേവനങ്ങളും നൽകുന്നതിൽ മധ്യപൗരസ്ത്യ ദേശത്തെ പ്രധാന കേന്ദ്രമാക്കി റിയാദിനെ മാറ്റാനുമാണ് ലക്ഷ്യമിടുന്നത്

റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന്‍റെ മുഖച്ഛായ മാറുന്നു. റിയാദ് നഗരത്തെ മധ്യപൗരസ്ത്യ മേഖലയിലെ ഗതാഗത കേന്ദ്രമാക്കാനായി നഗരത്തിലെ പ്രധാനപ്പെട്ട മുഴുവൻ റോഡുകളും വികസിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന "റിയാദ് ഗ്രീൻ പദ്ധതിക്കും" തുടക്കമായി.

തലസ്ഥാന നഗരിയുടെ വ്യത്യസ്‌ത ഭാഗങ്ങളെ ഫലപ്രദമായി ബന്ധിപ്പിക്കാനും സുസ്ഥിര ഗതാഗത സേവനവും ലോജിസ്റ്റിക് സേവനങ്ങളും നൽകുന്നതിൽ മധ്യപൗരസ്ത്യ ദേശത്തെ പ്രധാന കേന്ദ്രമാക്കി റിയാദിനെ മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. ഒപ്പം ലോകത്തെ വൻകിട നഗരങ്ങൾക്കിടയിലെ മുൻനിര സ്ഥാനം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ആകെ 400 കിലോമീറ്റർ നീളത്തിൽ റോഡുകൾ വികസിപ്പിക്കുകയും പുതിയ റോഡുകൾ നിർമ്മിക്കുകയും റോഡുകളെ പരസ്പ്പരം ബന്ധിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി അതിവേഗ പാതവഴി തലസ്ഥാന നഗരിയുടെ വ്യത്യസ്ത ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കും. കൂടാതെ പ്രധാന റോഡുകളിലെ വേഗപരിധി കൂട്ടുകയും യാത്രാ സമയം കുറയ്ക്കുകയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന "റിയാദ് ഗ്രീൻ പദ്ധതിയുടെ ആദ്യപടിയായി നഗരത്തിലെ പ്രധാന റോഡുകളുടെ 144 കിലോമീറ്റർ ഭാഗത്തു 31,000 വൃക്ഷതൈകളാണ് നട്ടത്.

ഗ്രീൻ പദ്ധതിയുടെ ഭാഗമായി റിയാദിൽ 48 വലിയ പാർക്കുകളും 3,250 ചെറിയ പാർക്കുകൾ പാർപ്പിട മേഖലയിലും നിർമ്മിക്കും. സാമ്പത്തിക, നഗരവൽക്കരണ, വിനോദ സഞ്ചാര മേഖലകളിൽ റിയാദിന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും വ്യവസായികളെയും സന്ദർശകരെയും ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാനുമാണ് പദ്ധതിയുടെ ലക്ഷ്യം. 
 

click me!