
ദുബായ്: സൗദി അറേബ്യയിലും ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ബലി പെരുന്നാള്‍. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്നലെയായിരുന്നു. ഹാജിമാര്‍ അറഫയില്‍ സംഗമിച്ചപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശ്വാസികള്‍ വ്രതമനുഷ്ഠിച്ചു.
രാവിലെ പെരുന്നാള്‍ നമസ്‍കാരത്തിനായി വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ചുകൂടി. പരസ്‍പരം ആശംസകള്‍ അറിയിച്ച് സന്തോഷം പങ്കിട്ടപ്പോള്‍ സ്വന്തം നാടിന്റെ വേദനകളാണ് പ്രവാസികളുടെ മനസില്‍ മുഴുവന്‍. നീണ്ട അവധിക്ക് നാട്ടിലെത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്ന പലര്‍ക്കും വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതുകാരണം അത് സാധിച്ചിട്ടില്ല. പലര്‍ക്കും ഉറ്റവരുമായി ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതെ ആശങ്കയിലുമായിരുന്നു. ഉറ്റവരെ നഷ്ടമായ വേദനയില്‍ നീറിപ്പുകയുന്നവരുമുണ്ട്. ദുരിതത്തില്‍ നിന്ന് നാടിനെ കരകയറ്റണമെന്ന പ്രാര്‍ത്ഥനയാണ് പെരുന്നാള്‍ ആഘോഷിക്കുമ്പോഴും പ്രവാസികളുടെ മനസില്‍.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ നഹ്‍യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ വിവിധ മുസ്‍ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്കും ആശംസകള്‍ അറിയിച്ചു. ഒമാനില്‍ നാളെയാണ് ബലി പെരുന്നാള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam