മലയാളികളുൾപ്പെട്ട യുഎഇ ബാങ്ക് തട്ടിപ്പ്; അദാലത്തിൽ പങ്കെടുത്തത് 8 കമ്പനികള്‍ മാത്രം

By Web TeamFirst Published Jan 18, 2019, 6:33 PM IST
Highlights

റാസൽഖൈമയിലെ ബാങ്കിൽ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളെ, അവസാനവട്ട ഒത്തുതീർപ്പ് ശ്രമം എന്ന നിലയിലാണ് ലീഗൽ സർവീസസ് അതോരിറ്റി അദാലത്ത് വിളിച്ചത്.  

കൊച്ചി: മലയാളികളുൾപ്പെട്ട യുഎഇ ബാങ്ക് തട്ടിപ്പ് കേസിന്റെ ഒത്തുതീർപ്പിനായി ലീഗൽ സർവീസസ് അതോറിറ്റി നടത്തിയ അദാലത്തിൽ പങ്കെടുത്തത് ഏട്ട് കമ്പനികള്‍ മാത്രം. ഒത്തുതീർപ്പ്  ശ്രമങ്ങളോട് സഹകരിക്കാത്ത കമ്പനികൾക്കെതിരെ  നിയമനടപടികള്‍ സ്വീകരിക്കാനാണ് ബാങ്കുകളുടെ തീരുമാനം.

റാസൽഖൈമയിലെ ബാങ്കിൽ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളെ, അവസാനവട്ട ഒത്തുതീർപ്പ് ശ്രമം എന്ന നിലയിലാണ് ലീഗൽ സർവീസസ് അതോരിറ്റി അദാലത്ത് വിളിച്ചത്.  147 കോടിയുടെ തട്ടിപ്പ് നടത്തിയ 84 കമ്പനികളിൽ ആറെണ്ണം  തമിഴ്നാട് സ്വദേശികളുടേതുമാണ്. എന്നാൽ എറണാകുളം ലീഗൽ സർവീസസ് അതോരിറ്റിയിൽ നടന്ന അദാലത്തിൽ എട്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. യുഎഇയിലും കേരളത്തിലുമായി വ്യാജ രേഖയുണ്ടാക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ് കമ്പനി ഉടമസ്ഥരിൽ പലരും.

അതേ സമയം ഒത്തു തീർപ്പിനായി ലീഗൽ സർവീസസ് അതോരിറ്റി ഒരുവട്ടം കൂടി അദാലത്ത് നടത്തും. പുതിയ 50 കമ്പനികൾക്ക് പുറമെ ഈ അദാലത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും അന്ന് പങ്കെടുക്കാം. ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കേരളത്തിൽ 46 കമ്പനികൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വായ്പാ ഇനത്തില്‍ 3000കോടി രൂപയാണ്  യുഎയിയിലെ മൂന്ന് ബാങ്കുകള്‍ക്ക് മാത്രം നഷ്ടപ്പെട്ടത്. ഗള്‍ഫിലെ ബാങ്കുകളില്‍ കിട്ടാക്കടം പെരുകിയ സാഹചര്യത്തിലാണ് നിയമ നടപടികകളുമായി ബാങ്കുകള്‍ രംഗത്തെത്തിയത്.

click me!