
കുവൈത്ത് സിറ്റി: അനധികൃത മെഡിക്കൽ ക്ലിനിക്കും സർക്കാർ മരുന്നുകളുടെ നിയമവിരുദ്ധ വിൽപ്പനയും നടത്തിയ വൻ ശൃംഖലയെ പിടികൂടി കുവൈത്ത് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കർശന നിർദേശപ്രകാരം പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ നിർദേശത്തെ തുടർന്ന് നടന്ന സംയുക്ത റെയ്ഡിൽ എട്ട് പേരെയാണ് അധികാരികൾ പിടികൂടിയത്.
ഫർവാനിയയിലെ ഒരു വീട്ടിലാണ് ലൈസൻസില്ലാതെ മെഡിക്കൽ ക്ലിനിക്ക് നടത്തുന്നതായി കണ്ടെത്തിയത്. ഇവിടെ മെഡിക്കൽ പ്രൊഫഷൻ ദുരുപയോഗം ചെയ്ത് അനധികൃതമായി മരുന്നുകൾ വിൽക്കുകയും ചികിത്സ നൽകുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഇന്ത്യൻ പൗരൻ ലൈസൻസ് ഇല്ലാതെ ചികിത്സ നൽകുകയും മറ്റു മൂന്ന് ഇന്ത്യൻ പൗരന്മാർ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയവരാണെന്നും അധികൃതർ പറഞ്ഞു. അതേസമയം സർക്കാർ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന മരുന്നുകൾ പണത്തിനായി വിൽക്കുന്ന മറ്റൊരു ശൃംഖലയും അന്വേഷണത്തിലൂടെ കണ്ടെത്താനായി. മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ സർക്കാർ മരുന്നുകൾ നിയമവിരുദ്ധമായി വിതരണം ചെയ്തതിന് അറസ്റ്റ് ചെയ്തു.
ഒരു ബംഗ്ലാദേശ് സ്വദേശിയായ സർക്കാർ ആശുപത്രി ജീവനക്കാരൻ സർക്കാർ മരുന്നുകൾ മോഷ്ടിച്ച് ഈ ശൃംഖലയ്ക്ക് എത്തിപ്പിച്ചതാണെന്നും കണ്ടെത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. എല്ലാ പ്രതികളുടെയും മേൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത മരുന്നുകൾ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്യുകയും ചെയ്തു. രാജ്യത്ത് നടക്കുന്ന എല്ലാ തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെയും ശക്തമായ നടപടി തുടരുമെന്ന് മന്ത്രാലയം ആവർത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam