
അൽ ഐൻ: യുഎഇയിലെ അൽ ഐനിൽ പാർക്കിന് സമീപമുള്ള വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. അറബ് സ്വദേശിയായ വലീദ് ഖാലിദ് എന്ന കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് നാടിനെയും വിദ്യാലയത്തെയും കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ബാഗും പഠന സാമഗ്രികളും ക്രമീകരിച്ച ശേഷം സ്കൂളിലെ സ്പോർട്സ് യൂണിഫോം വാങ്ങാൻ പോകാനിരിക്കുകയായിരുന്നു വലീദ്. ഇതിനിടയിലാണ് ജ്യേഷ്ഠനും സുഹൃത്തുക്കൾക്കുമൊപ്പം വീടിനടുത്തുള്ള പാർക്കിൽ കളിക്കാൻ പോയത്.
സമീപത്തെ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന വാട്ടർ കൂളറിൽ വെള്ളം കുടിക്കാൻ വേണ്ടി തൊട്ട മറ്റൊരു കുട്ടി പെട്ടെന്ന് നിലത്തുവീഴുകയായിരുന്നു. ഇത് തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് വാട്ടർ കൂളറിൽ തൊട്ടതോടെ ശക്തമായ വൈദ്യുതാഘാതമേറ്റ് ബോധരഹിതനായി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠൻ അഹമ്മദ് (9) വലീദിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി പ്രവാഹം അനുഭവപ്പെട്ടതോടെ കൈ പിൻവലിച്ച് വീട്ടിലേക്ക് ഓടിച്ചെന്ന് വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ കുടുംബാംഗങ്ങൾ സംഭവസ്ഥലത്തെത്തി കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനത്തിൽ മികവ് പുലർത്തിയിരുന്ന, എല്ലാവരോടും നന്നായി പെരുമാറിയിരുന്ന പുലർത്തിയിരുന്ന വലീദിന്‍റെ വേർപാടിൽ സ്കൂൾ അധികൃതരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam