ദുബായ്: ദുബായ് വിമാനത്താവളത്തില്‍ 12 മണിക്കൂര്‍ കുടുങ്ങിയ വയോധികയെ ദുബായ് പൊലീസ് മുന്‍കൈയ്യെടുത്ത് നാട്ടിലേക്ക് അയച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലുള്ള ഇവരുടെ മകളാണ് ഫോണിലൂടെ ദുബായ് പൊലീസിന്റെ സഹായം തേടിയത്.
ജൊഹന്നാസ് ബര്‍ഗില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ ദുബായ് വിമാനത്താവളത്തില്‍ എത്തിയ രോഗിയായ ഇവര്‍ അവിടെ നിന്ന് അമേരിക്കയിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റില്‍ പോകേണ്ടിയിരുന്നതായിരുന്നു. എന്നാല്‍ ദുബായിലെത്തിയ ശേഷം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് മകള്‍ ദുബായ് പൊലീസിന്റെ സഹായം തേടിയത്. ഇംഗ്ലീഷ് സംസാരിക്കാന്‍ വശമില്ലാതിരുന്ന ഇവരുടെ കൈവശം പണവും ഉണ്ടായിരുന്നില്ല. വിവരം ലഭിച്ച പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ ഇവര്‍ ബോര്‍ഡിങ് ഗേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് എല്ലാ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ക്കും ഇവരുടെ പാസ്പോര്‍ട്ടിലെ ഫോട്ടോ കൈമാറി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മൂന്നാം ടെര്‍മിനലിലെ ഒരു റസ്റ്റോറന്റിന് സമീപത്ത് നിന്ന് ഇവരെ കണ്ടെത്തി.
ക്ഷീണിച്ച് അവശയായിരുന്ന വയോധികയ്ക്ക് പൊലീസ് മുന്‍കൈയ്യെടുത്ത് ഭക്ഷണവും വെള്ളവും എത്തിച്ചു. ആരോഗ്യ പരിശോധനയും നടത്തി. തുടര്‍ന്ന് വിമാനത്താവള അധികൃതരുമായും എമിറേറ്റ്സ് അധികൃതരുമായും സംസാരിച്ച് സൗജന്യമായി ടിക്കറ്റ് സംഘടിപ്പിച്ചു. സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്ത് പോകാനുള്ള പണം ഇവരുടെ കൈവശമുണ്ടായിരുന്നില്ല. ഉദ്ദ്യോഗസ്ഥര്‍ തന്നെ വികലാംഗര്‍ക്കുള്ള പ്രത്യേക ലോഞ്ചില്‍ എത്തിച്ച ശേഷം ജൊഹന്നാസ്ബര്‍ഗിലുള്ള മകളുമായി സംസാരിക്കാന്‍ അവസരമൊരുക്കി. സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ഒരുക്കുമെന്ന് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ ഇരുവര്‍ക്കും ഉറപ്പുനല്‍കി. തുടര്‍ന്ന് ഇവരെ വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു.
രാജ്യത്ത് എല്ലായിടത്തും സന്തോഷം നിറയ്ക്കണമെന്ന, ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം പാലിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം തലവന്‍ പറഞ്ഞു. ജനങ്ങളെ സന്തോഷിപ്പാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരാണ് ദുബായ് പൊലീസ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറത്തുള്ള സന്തോഷം അവര്‍ക്ക് പ്രദാനം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam