
ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു. റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടവിവരം ലഭിച്ചയുടൻ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നൽകി. അപകടസ്ഥലം സുരക്ഷിതമാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. അപകടകാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൂർത്തിയായാലുടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും മന്ത്രാലയം അനുശോചനം അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം ഉറപ്പുവരുത്തണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാർത്തകളോ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
നവംബർ 12-ന് ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ തുടർച്ചയായ രണ്ട് വാഹനാപകടങ്ങൾക്ക് പിന്നാലെയാണ് റാസൽഖൈമയിലെ ഈ ദുരന്തം. നാല് ഇന്ത്യക്കാരും 10 സ്വദേശികളും ഉൾപ്പെടെ 14 പേരാണ് ഫുജൈറ അപകടത്തിൽ മരിച്ചത്. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അറ്റകുറ്റപ്പണികൾക്കായി വലതുവശത്തെ ലെയ്ൻ അടച്ചിട്ടിരുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഒരു വാഹനം ഇടിച്ചതാണ് ആദ്യ അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകളുമായി വന്ന മറ്റൊരു ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. ആകെ 18 വാഹനങ്ങളും അഞ്ച് ട്രക്കുകളുമാണ് അന്ന് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ സാങ്കേതിക പരിശോധനകൾക്ക് ഉത്തരവിടുകയും ആശുപത്രിയിൽ ചികിത്സയിലായിരുന്ന ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർക്കും ട്രക്ക് ഡ്രൈവർമാർക്കും പൊലീസും ഗതാഗത അധികൃതരും കർശന മുന്നറിയിപ്പ് നൽകി. വേഗപരിധി പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം നിലനിർത്തണമെന്നും ഗതാഗതം മന്ദഗതിയിലാകുന്ന സ്ഥലങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അപകടങ്ങൾ ഒഴിവാക്കാനും ജീവൻ സംരക്ഷിക്കാനും ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗും ഗതാഗത നിയമങ്ങൾ പാലിക്കലും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam