ഇറാന്‍ ആക്രമണത്തിന് പിന്നാലെ എമിറേറ്റ്സും ഫ്ലൈ ദുബായിയും ചില സര്‍വീസുകള്‍ റദ്ദാക്കി

By Web TeamFirst Published Jan 8, 2020, 1:14 PM IST
Highlights

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും ബന്ധപ്പെട്ട അധികൃതരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സര്‍വീസുകളില്‍ മാറ്റം വരുത്തും. 

അബുദാബി: യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബായിയും ബാഗ്‍ദാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നിലെ ബുധനാഴ്ച രാവിലെയാണ് വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതായി അറിയിച്ചത്. ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് അമേരിക്കയും തങ്ങളുടെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ദുബായില്‍ നിന്ന് ബാഗ്ദാദിലേക്കുള്ള ഇ.കെ 943, ബാഗ്ദാദില്‍ നിന്ന് ദുബായിലേക്കുള്ള ഇ.കെ 944 എന്നീ സര്‍വീസുകള്‍ റദ്ദാക്കിയതായാണ് എമിറേറ്റ്സ് വക്താവ് അറിയിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും ബന്ധപ്പെട്ട അധികൃതരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സര്‍വീസുകളില്‍ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണന. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇറാഖിലെ മറ്റ് നഗരങ്ങളായ നജഫ്, ബസറ എന്നിവിടങ്ങളിലേക്ക് ഫ്ലൈ ദുബായ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

click me!