കൊവിഡ് പ്രതിസന്ധി; യാത്രക്കാര്‍ക്ക് എമിറേറ്റ്സ് തിരികെ നല്‍കിയത് 850 കോടി ദിര്‍ഹം

By Web TeamFirst Published Jul 23, 2021, 1:52 PM IST
Highlights

യാത്രക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്‍ത ടിക്കറ്റുകള്‍ രണ്ട് വര്‍ഷത്തിനിടെയുള്ള മറ്റൊരൂ ബുക്കിങ്ങായി മാറ്റാന്‍ അവസരം നല്‍കി. അതല്ലെങ്കില്‍ വൌച്ചറുകളായി മാറ്റാനോ അതുമല്ലെങ്കില്‍ പണമായി ടിക്കറ്റ് തുക തിരികെ വാങ്ങാനും അവസരം നല്‍കിയിരുന്നു.

ദുബൈ: ആഗോള തലത്തിലുണ്ടായ കൊവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്സ്. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ചെറിയ കാലയളവിനുള്ളില്‍ തന്നെ  ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി എമിറേറ്റ്സ് ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ അദ്‍നാന്‍ കാസിം അറിയിച്ചു.

മിയാമിയിലേക്കുള്ള എമിറേറ്റ്സിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസമാണ്  എമിറേറ്റ്സ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ റീഫണ്ട് തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ഉപഭോക്താക്കള്‍ക്ക് നഷ്‍ടം വരാത്ത തരത്തിലാണ് എമിറേറ്റ്സ് റീഫണ്ട് ക്രമീകരിച്ചതെന്ന് ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ ഓഫീസര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്‍ത ടിക്കറ്റുകള്‍ രണ്ട് വര്‍ഷത്തിനിടെയുള്ള മറ്റൊരൂ ബുക്കിങ്ങായി മാറ്റാന്‍ അവസരം നല്‍കി. അതല്ലെങ്കില്‍ വൌച്ചറുകളായി മാറ്റാനോ അതുമല്ലെങ്കില്‍ പണമായി ടിക്കറ്റ് തുക തിരികെ വാങ്ങാനും അവസരം നല്‍കിയിരുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തങ്ങളുടെ സേവനങ്ങള്‍ തിരികെ കൊണ്ടുപോകാനാണ് തീവ്രപരിശ്രമം നടത്തുന്നതെന്നും എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. 

click me!