യുഎഇ യാത്രാവിലക്കിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയിലേക്ക് പറന്ന് രണ്ട് മലയാളി കുടുംബങ്ങള്‍

By Web TeamFirst Published May 31, 2021, 3:38 PM IST
Highlights

കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട 360 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് രണ്ട് കുടുംബങ്ങള്‍ മാത്രം സഞ്ചരിച്ചത്.

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള യാത്രാവിലക്ക് നീട്ടിയതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദുബൈയിലെത്തി. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട 360 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് രണ്ട് കുടുംബങ്ങള്‍ മാത്രം സഞ്ചരിച്ചത്.

ജിസിസിയിലെ പ്രമുഖ കമ്പ്യൂട്ടര്‍ സെയില്‍സ് സ്ഥാപനമായ അല്‍ ഇര്‍ഷാദ് കമ്പ്യൂട്ടേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നാദാപുരം സ്വദേശി യൂനുസ് ഹസനും കുടുംബവുമാണ് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലെത്തിയത്. യൂനുസ് ഹസന് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. യൂനുസ് ഹസന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഭാര്യ ഹഫ്‌സയ്ക്കും മക്കളായ നിഹ്ല യൂനുസ്, നുജൂം യൂനുസ്, മുഹമ്മദ് ഹിലാല്‍, മുഹമ്മദ് ഹാനി ഹംദാന്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചതോടെയാണ് കുടുംബത്തിന്‍റെ യാത്ര സാധ്യമായത്. 1.80 ലക്ഷം രൂപയാണ് അഞ്ചുപേരുടെ ടിക്കറ്റിനായി ചെലവഴിച്ചത്. ഇവര്‍ക്കൊപ്പം കൊച്ചിയില്‍ നിന്ന് മറ്റൊരു കുടുംബവും ഞായറാഴ്ച പുലര്‍ച്ചെ നാലിന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്നു. 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയിലെത്താന്‍ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ പൗരന്മാര്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!