പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുമെന്ന് എമിറേറ്റ്സ് റെഡ്‍ ക്രെസന്റ്

By Web TeamFirst Published Oct 18, 2018, 4:56 PM IST
Highlights

കേരളത്തില്‍ ഏതൊക്കെ മേഖലകളിലാണ് സഹായം അനിവാര്യമായിട്ടുള്ളതെന്ന് റെഡ് ക്രസന്‍റ് മേധാവി ആരാഞ്ഞു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ്  വീട് നിര്‍മ്മാണ മേഖലയില്‍  സഹായം ചെയ്യാന്‍ തീരുമാനിച്ചതെന്ന്  ശൈഖ്  ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. 

അബുദാബി: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എമിറേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ ഉറപ്പ്. റെഡ് ക്രസന്‍റ്  മേധാവിയുമായി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ന് രാത്രി അബുദാബിയില്‍ മലയാളി സമൂഹത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും.

എമിറേറ്റ്സ്  റെഡ് ക്രസന്റ് വെസ്റ്റേണ്‍ റീജ്യണ്‍  ചെയര്‍മാന്‍ ശൈഖ്  ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സഹായവാഗ്ദാനം ലഭിച്ചത്.  പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക്, ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് പുനര്‍നിര്‍മാണത്തിനാവശ്യമായ സഹായം നല്‍കും. യുഎഇയിലെ ഫൗണ്ടേഷണല്‍  ചാരിറ്റി സംഘടനകളില്‍ നിന്നും കേരളത്തിന്‌ സഹായം   തേടുന്നത്  സംബന്ധിച്ചും  ഇരുവരും    ചര്‍ച്ച നടത്തി.  നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമ തടസങ്ങളുണ്ടെങ്കിലും  ഫൗണ്ടേഷണല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിന്  തടസമില്ലെന്ന്  മുഖ്യമന്ത്രി  പിണറായി വിജയന്‍ ചര്‍ച്ചയില്‍ അറിയിച്ചു.
 
കേരളത്തില്‍ ഏതൊക്കെ മേഖലകളിലാണ് സഹായം അനിവാര്യമായിട്ടുള്ളതെന്ന് റെഡ് ക്രസന്‍റ് മേധാവി ആരാഞ്ഞു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ്  വീട് നിര്‍മ്മാണ മേഖലയില്‍  സഹായം ചെയ്യാന്‍ തീരുമാനിച്ചതെന്ന്  ശൈഖ്  ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ യു.എ.ഇയിലെ ജനങ്ങളില്‍ നിന്ന് റെഡ് ക്രസന്‍റ് സ്വീകരിച്ച പണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ  സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം.എ യുസഫലി, മാധ്യമ ഉപദേഷ്ടാവ്  ജോണ്‍  ബ്രിട്ടാസ്,  ഡെപ്യൂട്ടി കോണ്‍സുല്‍  സ്മിത പന്ദ്‌  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് രാത്രി ഒന്‍പത് മണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനഃസൃഷ്ടിക്ക് പ്രായോഗികമായ സഹായങ്ങൾ പ്രവാസികളിൽ നിന്നും മുഖ്യമന്ത്രി ആരായും.

click me!