
ദുബായ്: കൊവിഡ് കാലത്ത് വിമാന യാത്രകള്‍ നിലച്ചതോടെ യാത്രക്കാര്‍ക്ക് ഇതുവരെ 190 കോടി ദിര്‍ഹം തിരികെ നല്‍കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തെ കണക്കാണിത്. ടിക്കറ്റ് റദ്ദാക്കി പണം തിരികെ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കിയ ആറര ലക്ഷത്തിലധികം അപേക്ഷകള്‍ ഇതുവരെ പരിഗണിച്ചുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് എത്രയും വേഗം അവരുടെ പണം തിരികെ നല്‍കാന്‍ ഊര്‍ജിത നടപടികളാണ് സ്വീകരിക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. ഓഗസ്റ്റോടെ എല്ലാവര്‍ക്കും പണം തിരികെ നല്‍കും. അഞ്ച് ലക്ഷത്തോളം അപേക്ഷകള്‍ ഇനിയും ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസം ശരാശരി 35,000 റീഫണ്ട് അപേക്ഷകള്‍ പരിഗണിക്കാനുള്ള ശേഷിയാണ് നേരത്തെ ഉണ്ടായിരുന്നതെങ്കില്‍ അത് രണ്ട് ലക്ഷം വരെ അപേക്ഷകള്‍ പരിഗണിക്കാവുന്ന വിധത്തിലാക്കി ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍.
അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശരാശരി 90 ദിവസം വരെ എടുത്തിരുന്നത് 60 ദിവസമാക്കി കുറച്ചു. പുതിയ അപേക്ഷകളുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ വേഗത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എമിറേറ്റ്സ് ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ അദ്നാന്‍ കാസിം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam