
അബുദാബി: വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ പാര്‍ട്ടിക്കിടെ 28കാരനായ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. ദുബൈയിലെ അല്‍ ഖവനീജ് 2ലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പബ്ലിക് പ്രോസിക്യൂഷന്‍ ഒമ്പത് സ്വദേശികളെ ചോദ്യം ചെയ്ത് വരികയാണ്.
വില്ലയുടെ മുമ്പിലെ പുല്‍ത്തകിടിയില്‍ തങ്ങള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാള്‍ വീട്ടില്‍ നിന്ന് ഷര്‍ട്ടില്ലാതെ ഇറങ്ങി വരുന്നത് കണ്ടു. ഇയാളുടെ പാന്റ്‌സിലാകെ രക്തക്കറ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ ഉടന്‍ തന്നെ കാറില്‍ കയറി രക്ഷപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതാനും സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ കുത്തേറ്റ 28കാരനായ യുവാവ് അവശനായി പുറത്തേക്ക് വരികയും താഴെ വീണ് മരിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാവ് മരിച്ചത് കണ്ട എട്ടു സുഹൃത്തുക്കളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആ സമയം അവിടെ ഇല്ലാതിരുന്ന മറ്റൊരു സുഹൃത്താണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഫോണ്‍ കോള്‍ ലഭിച്ച ഉടന്‍ തന്നെ ദുബൈ പൊലീസിലെ സിഐഡി സംഘം സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറി. ഉടന്‍ തന്നെ പൊലീസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും സംഭവത്തിലുള്‍പ്പെട്ട എല്ലാവരെയും പിടികൂടുകയുമായിരുന്നു.
Read More - പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് ഒമ്പത് സ്വദേശികളാണ് പിടിയിലായത്. ഷാര്‍ജ പൊലീസുമായി സഹകരിച്ച് നാല് പേരെ അവിടെ നിന്നും അറസ്റ്റ് ചെയ്തു. അഞ്ചു പേര്‍ ദുബൈയില്‍ വെച്ചാണ് പിടിയിലായത്. സംഭവത്തില്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ