
ദുബായിലെ വാഹന ഉടമകള്‍ക്ക് ഇനി വാഹന രജിസ്ട്രേഷന്‍ പുതുക്കുന്ന കാര്യം ആലോചിക്കുക പോലും വേണ്ട. കൃത്യസമയത്ത് രജിസ്ട്രേഷന്‍ ഓട്ടോമാറ്റിക് ആയി പുതുക്കാനുള്ള പുതിയ സംവിധാനം റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ഇന്ന് പുറത്തിറക്കി.
ആര്‍ടിഎയുടെ ഇലക്ട്രോണിക് വാലറ്റുമായി ബന്ധിപ്പിച്ചാണ് നടപടി. വെബ്സൈറ്റിലെ ലൈസന്‍സിങ് സര്‍വ്വീസ് എന്ന ലിങ്ക് വഴി വാഹന രജിസ്ട്രേഷന്‍ ഓട്ടോമാറ്റിക് ആയി പുതുക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ആവശ്യമായ പണം വാലറ്റില്‍ സൂക്ഷിച്ചാല്‍ മതി. ഇതേ വാലറ്റില്‍ നിന്ന് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും അടയ്ക്കാന്‍ കഴിയും. പരാമവധി എത്ര രൂപയുടെ പിഴ വരെ ഇങ്ങനെ അടയ്ക്കാമെന്ന് വാഹന ഉടമയ്ക്ക് നിശ്ചയിക്കാം. പുതിയ രജിസ്ട്രേഷന്‍ കാര്‍ഡ് എങ്ങനെ വേണമെന്നും തെരഞ്ഞെടുക്കണം.
നിലവില്‍ രജിസ്ട്രേഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ 90 ദിവസം മുന്‍പ് മുതല്‍ പുതുക്കാന്‍ സാധിക്കും. പുതിയ സംവിധാനം തെരഞ്ഞെടുത്താല്‍ സമയമാവുമ്പോള്‍ രജിസ്ട്രേഷന്‍ പുതുക്കിയതായും വാലറ്റില്‍ നിന്ന് പണം ഈടാക്കിയതിന്റെ അറിയിപ്പും ഇ മെയിലില്‍ ലഭിക്കും. പുതിയ രജിസ്ട്രേഷന്‍ കാര്‍ഡ് തപാലില്‍ വാങ്ങുകയോ നേരിട്ട് കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. പുതിയ നമ്പര്‍ പ്ലേറ്റ് ആവശ്യമാണെങ്കില്‍ അവ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളില്‍ നിന്ന് വാങ്ങണം.
നേരത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കുകയാണ് ചെയ്തത്. ഇപ്പോള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഇവ ഉപയോഗിക്കാം. എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam