പ്രവാസികള്‍ക്ക് പ്രതീക്ഷയുമായി പുതിയ ബജറ്റ് എയര്‍ലൈന്‍ വരുന്നു

By Web TeamFirst Published Oct 18, 2019, 12:23 PM IST
Highlights

തിരക്കേറിയ സമയങ്ങളില്‍ എല്ലാ പരിധികളും കടന്ന് മുകളിലേക്ക് കുതിയ്ക്കുന്ന വിമാന ടിക്കറ്റ് നിരക്കിന് പുതിയ ഒരു എയര്‍ലൈന്‍ കൂടി വരുമ്പോള്‍ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. 

അബുദാബി: ഗള്‍ഫിലെ പ്രവാസികള്‍ക്ക് പ്രതീക്ഷയേകി പുതിയ ബജറ്റ് എയര്‍ലൈന്‍ വരുന്നു.  ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യയും അബുദാബിയുടെ ഇത്തിഹാദും ചേര്‍ന്ന് 'എയര്‍ അറേബ്യ അബുദാബി' എന്ന പേരിലാണ് പുതിയ ബജറ്റ് വിമാന സര്‍വീസ് തുടങ്ങുന്നത്. ഇതോടെ യുഎഇയില്‍ നിന്നുള്ള അഞ്ചാമത്തെ എയര്‍ലൈനായി മാറും എയര്‍ അറബ്യ അബുദാബി.

സാമ്പത്തിക പ്രതിസന്ധി കാരണം ലോകത്താകമാനം 17ഓളം വിമാനക്കമ്പനികളാണ് അടുത്തകാലത്തായി അടച്ചുപൂട്ടിയത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്ന ജെറ്റ് എയര്‍വേയ്‍സ് പൂട്ടിയതോടെ പ്രവാസികളുടെ യാത്രാക്ലേശവും കൂടി. തിരക്കേറിയ സമയങ്ങളില്‍ എല്ലാ പരിധികളും കടന്ന് മുകളിലേക്ക് കുതിയ്ക്കുന്ന വിമാന ടിക്കറ്റ് നിരക്കിന് പുതിയ ഒരു എയര്‍ലൈന്‍ കൂടി വരുമ്പോള്‍ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. അബുദാബി വിമാനത്താവളം ആസ്ഥാനമായിട്ടായിരിക്കും 'എയര്‍ അറേബ്യ അബുദാബി' പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തിഹാദിന്റെ 109 വിമാനങ്ങളും എയര്‍ അറേബ്യയുടെ 53 വിമാനങ്ങളും ചേരുമ്പോള്‍ ഇരു കമ്പനികള്‍ക്കുമായി 162 വിമാനങ്ങളുണ്ട്. എയര്‍ അറേബ്യയുടെ ഷാര്‍ജ, മൊറോക്കോ, ഈജിപ്ത് ഹബ്ബുകള്‍ കേന്ദ്രീകരിച്ച് 50 രാജ്യങ്ങളിലെ 170 നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. നേരത്തെ ആഴ്ചയില്‍ 40 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന ജെറ്റ് എയര്‍വേയ്‍സ് പൂട്ടിയതോടെയുണ്ടായ പ്രതിസന്ധി പുതിയ വിമാനക്കമ്പനി വരുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പുതിയ കമ്പനി എന്നു മുതല്‍ സര്‍വീസ് തുടങ്ങുമെന്നോ ഏതൊക്കെ നഗരങ്ങളിലേക്കായിരിക്കും സര്‍വീസെന്നോ വ്യക്തമാക്കിയിട്ടില്ല.

click me!