യുഎഇയുടെ വ്യോമയാന മേഖലയിൽ വനിതാ മുന്നേറ്റം; ചരിത്രം കുറിച്ച് ആദ്യ സ്വദേശി വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

Published : Aug 30, 2026, 01:08 PM IST
Huda Al Musallami

Synopsis

യുഎഇ വ്യോമയാന മേഖലയിൽ ചരിത്രം കുറിച്ച് ക്യാപ്റ്റൻ ഹുദ അൽ മുസല്ലമി. രാജ്യത്തെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി യോഗ്യത നേടിയ അവർ ഇനി ഇത്തിഹാദ് എയർവേയ്‌സിലെ പൈലറ്റുമാർക്ക് പരിശീലനം നൽകും. രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഹുദയുടെ ഈ നേട്ടം എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ചാണ് ഇത്തിഹാദ് പുറത്തുവിട്ടത്.

അബുദാബി: യുഎഇ വ്യോമയാന മേഖലയിലെ വനിതാ മുന്നേറ്റത്തിൽ ചരിത്രം കുറിച്ച് ഇത്തിഹാദ് എയർവേയ്‌സ് പൈലറ്റായ ക്യാപ്റ്റൻ ഹുദ അൽ മുസല്ലമി. രാജ്യത്തെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി യോഗ്യത നേടി. ഇത്തിഹാദ് എയർവേയ്‌സിലെ മറ്റ് പൈലറ്റുമാർക്ക് സുരക്ഷയിലും പ്രൊഫഷണലിസത്തിലും പരിശീലനം നൽകുന്ന ചുമതല ഇനി ഹുദ വഹിക്കും.

എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ചാണ് ഇത്തിഹാദ് എയർവേയ്‌സ് ഈ നിർണായക നേട്ടം പുറത്തുവിട്ടത്. വ്യോമയാന മേഖലയിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തിന് ശേഷമാണ് ഹുദ അൽ മുസല്ലമി ഈ ചരിത്രനേട്ടത്തിലെത്തുന്നത്. ഫസ്റ്റ് ഓഫീസറായി കരിയർ ആരംഭിച്ച അവർ, പിന്നീട് ക്യാപ്റ്റനായും ഇപ്പോൾ പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന ട്രെയിനിങ് ക്യാപ്റ്റനായും ഉയർന്നു.

2003-ൽ ഏവിയേഷൻ മേഖലയിൽ പ്രവേശിച്ച ഹുദ 2014-ലാണ് ഇത്തിഹാദ് എയർവേയ്‌സിന്റെ ഭാഗമാകുന്നത്. 2023ൽ ക്യാപ്റ്റനായ അവർക്ക് ബോയിങ് 787 ഉൾപ്പെടെയുള്ള വിമാനങ്ങളിൽ 10,000-ത്തിലധികം മണിക്കൂർ പറന്ന പരിചയമുണ്ട്. എയർബസ് എ330, എ340, ബോയിങ്ങ് 777 എന്നീ വിമാനങ്ങളും അവർ പറത്തിയിട്ടുണ്ട്.

ഏവിയേഷൻ മാനേജ്‌മെന്റിൽ ബിരുദവും ബിസിനസ് മാനേജ്‌മെന്റ് & ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും ഹുദ നേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ പൈലറ്റുമാർക്ക് ഉൾപ്പെടെ ഇത്തിഹാദിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഹുദ പരിശീലനം നൽകിത്തുടങ്ങി. ഇത്തിഹാദ് എയർവേയ്‌സിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരിൽ 75 ശതമാനവും എമിറാത്തി വനിതകളാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

‘ആദ്യത്തെ ആളാവുക എന്നാൽ മറ്റുള്ളവർക്ക് നടന്നുപോകാൻ വഴിയൊരുക്കുക എന്നതാണ്. ഈ സ്ഥാനത്ത് എത്തുന്ന അവസാനത്തെ വനിത ഞാനാകരുത്. കൂടുതൽ എമിറാത്തി വനിതകൾക്ക് ഉയർന്ന തലങ്ങളിലേക്ക് വളരാൻ ഇത് വഴികാട്ടിയാകും ’-'ക്യാപ്റ്റൻ ഹുദ അൽ മുസല്ലമി പറഞ്ഞു. എമിറാത്തി വനിതകളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിലും അവരെ ഉയർന്ന പദവികളിൽ എത്തിക്കുന്നതിലും യുഎഇ ഭരണകൂടം നൽകുന്ന പിന്തുണയുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ഇത്തിഹാദ് എയർവേയ്‌സ് ചീഫ് പീപ്പിൾ ഓഫീസർ ഡോ. നാദിയ ബസ്താക്കി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പയറ് വർഗങ്ങൾക്കിടയിൽ ഒളിപ്പിച്ച് വൻ മയക്കുമരുന്ന് ശേഖരം കടത്താൻ ശ്രമം; സൗദി കസ്റ്റംസ് പിടികൂടിയത് 19.5 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ
സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം, ആളപായമില്ല