പ്രവാസി ബാച്ചിലര്‍മാരുടെ കൂട്ട ഒഴിപ്പിക്കല്‍ തുടരുന്നു; ഇതുവരെ ഒഴിപ്പിച്ചത് 200 കെട്ടിടങ്ങളില്‍ നിന്ന്

By Web TeamFirst Published Nov 21, 2019, 12:32 PM IST
Highlights
  • കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു.
  • ഇതുവരെ ഒഴിപ്പിച്ചത് 200 കെട്ടിടങ്ങളില്‍ നിന്ന്.

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് മുന്‍സിപ്പാലിറ്റി. ഇതിനായി നിയോഗിച്ച സമിതി ഇതുവരെ 200 ഓളം കെട്ടിടങ്ങളില്‍ നിന്ന് വിദേശി ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു. 

ഇവരെ പൂര്‍ണമായും ഒഴിപ്പിക്കുന്നതു വരെ നടപടി തുടരുമെന്നും കുടുംബത്തിന്‍റെ കൂടെയല്ലാതെ സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാര്‍ക്ക് താമസസൗകര്യം നല്‍കിയാല്‍ 1000 ദീനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.  ബാച്ചിലര്‍മാരെ ഒഴിപ്പിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനും മുന്‍സിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടറുമായ അമ്മാര്‍ അല്‍ അമ്മാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

വിദേശി ബാച്ചിലര്‍മാരെ പുറത്താക്കണമെന്ന സമിതിയുടെ ആവശ്യത്തെ 70 ശതമാനം റിയല്‍ എസ്റ്റേറ്റ് ഉടമകളും അനുകൂലിച്ചിട്ടുണ്ട്. ഇതുവരെ 200 കെട്ടിടങ്ങളില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു. 250 -ഓളം കെട്ടിങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. നിര്‍ദ്ദേശം പാലിക്കാത്ത 270 കെട്ടിട ഉടമകള്‍ക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നല്‍കി. നിയമം ലംഘിച്ചാല്‍ ആദ്യത്തെ തവണ 500 ദീനാറും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 1000 ദീനാറുമാണ് കെട്ടിട ഉടമകള്‍ക്ക് പിഴ ചുമത്തുന്നതെന്ന് അമ്മാര്‍ അല്‍ അമ്മാര്‍ പറഞ്ഞു. 

click me!