
റിയാദ്: സൗദി അറേബ്യയിൽ ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റം ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കടുത്ത ചൂടിൽ നിന്ന് കൊടിയ ശൈത്യത്തിലേക്ക് മാറുമ്പോൾ പലവിധ അസുഖങ്ങൾ പതിവാണ്. മഴയോടെ കാലാവസ്ഥ വ്യതിയാനത്തിന് തുടക്കം കുറിച്ചപ്പോൾ തന്നെ നിരവധി പേർ ശാരീരിക അസ്വസ്ഥതകളുമായി ചികിത്സ തേടിയതായി റിപ്പോർട്ട് വന്നിരുന്നു.
പ്രധാനമായും ആസ്തമ, അലർജി രോഗങ്ങളുള്ളവർക്കാണ് കാലാവസ്ഥാ മാറ്റം പ്രതികൂലമാകുന്നത്. അങ്ങനെയുള്ള പലരും ചികിത്സ തേടി ക്ലിനിക്കുകളിലും ആശുപത്രികളിലുമെത്തി. ഞായറാഴ്ച മുതൽ രാജ്യവ്യാപകമായുണ്ടായ മഴയും പൊടിക്കാറ്റും ശ്വാസകോശ രോഗമുള്ളവരെ ഗുരുതരമായി ബാധിക്കുകയായിരുന്നു. റിയാദ് മേഖലയിൽ മാത്രം ആയിരത്തോളം പേർ ഇത്തരം ശാരീരിക പ്രയാസങ്ങളും ശ്വാസ തടസവുമായി ചികിത്സ തേടിയതായി റിപ്പോർട്ടുകൾ പറയുന്നു.
പൊടിക്കാറ്റാണ് അലർജിയുടെ വൈഷമ്യമേറ്റുന്നത്. പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും ചാറ്റൽ മഴയും കൂടിയാകുമ്പോൾ ഓക്സിജന്റെ ലഭ്യതയിലുണ്ടാകുന്ന കുറവ് ശ്വാസം മുട്ടലിനും കാരണമാകുന്നു. ഇതിനോടൊപ്പം ചാറ്റൽമഴ കൊള്ളുന്നത് കൊണ്ടുള്ള ജലദോഷവും പനിയും വേറെയും. ആസ്തമയുമായി ബന്ധപ്പെട്ട് മരുന്ന് കഴിക്കുന്നവരോ മുമ്പ് കഴിച്ചിരുന്നവരോ ആയ ആളുകൾ ജാഗ്രത പുലർത്തണമെന്നും നേരിയ തോതിൽ പോലും ചെറിയ അസ്വസ്ഥതകൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam