യുഎഇയില്‍ സ്വര്‍ണ ബിസ്‍കറ്റുകള്‍ മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി പിടിയില്‍

By Web TeamFirst Published Feb 13, 2020, 2:27 PM IST
Highlights

ഷാര്‍ജ സെന്‍ട്രന്‍ സൂഖിലെ ഒരു സ്ഥാപനത്തിലെത്തി തനിക്ക് സ്വര്‍ണ ബിസ്‍കറ്റുകള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. സ്വര്‍ണബിസ്‍ക്കറ്റുകളുമായി തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് വരാനും അവിടെവെച്ച് പണം നല്‍കാമെന്നും ഇയാള്‍ ജ്വല്ലറി ഉടമകളോട് പറഞ്ഞു. 

ഷാര്‍ജ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് നിന്ന് സ്വര്‍ണ ബിസ്ക്കറ്റുകള്‍ കൈക്കലാക്കി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ 48കാരനായ പ്രവാസി അറസ്റ്റില്‍. ഏഷ്യക്കാരനായ ഇയാളില്‍ നിന്ന് 1,08,400 ദിര്‍ഹം വിലയുള്ള സ്വര്‍ണ ബിസ്‍കറ്റ് ഷാര്‍ജ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ഷാര്‍ജ സെന്‍ട്രന്‍ സൂഖിലെ ഒരു സ്ഥാപനത്തിലെത്തി തനിക്ക് സ്വര്‍ണ ബിസ്‍കറ്റുകള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. സ്വര്‍ണബിസ്‍ക്കറ്റുകളുമായി തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് വരാനും അവിടെവെച്ച് പണം നല്‍കാമെന്നും ഇയാള്‍ ജ്വല്ലറി ഉടമകളോട് പറഞ്ഞു. താന്‍ സ്വര്‍ണം വാങ്ങുന്നവിവരം മറ്റുള്ളവര്‍ അറിയാതിരിക്കാനും വാങ്ങുന്നതിന് മുന്‍പ് സ്വര്‍ണം തന്റെ സഹോദരിയെ കാണിക്കാനും വേണ്ടിയാണ് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇയാള്‍ പറഞ്ഞു.

ഇതനുസരിച്ച് ജ്വല്ലറിയില്‍ നിന്നുള്ള ഒരാള്‍ സ്വര്‍ണ ബിസ്കറ്റുകളുമായി അല്‍ ഖാസിമി ഏരിയയിലുള്ള ഇയാളുടെ അപ്പാര്‍ട്ട്മെന്റിലെത്തി. ഇവിടെവെച്ച് സ്വര്‍ണം വാങ്ങിയ പ്രതി സഹോദരിയെ കാണിക്കാനെന്ന പേരില്‍ വീടിനകത്തേക്ക് പോയെങ്കിലും ഏറെ നേരം കഴിഞ്ഞും തിരികെ വന്നില്ല. ഇതോടെയാണ് പ്രതി സ്വര്‍ണവുമായി മുങ്ങിയെന്ന് മനസിലായത്. കടയുടമ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് വ്യാപകമായ തെരച്ചില്‍ തുടങ്ങി. 

മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ പ്രതിയെ തിരിച്ചറിഞ്ഞു. വ്യാപക തെരച്ചിലിനൊടുവില്‍ ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രതി പൊലീസിന്റെ വലയിലാവുകയും ചെയ്തു.  തട്ടിപ്പ് നടത്തി അതേ ദിവസം തന്നെ രാജ്യവിടാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. മോഷ്ടിച്ച സ്വര്‍ണം മുഴുവനും ഇയാളില്‍ നിന്ന് പിടിച്ചെടുത്ത പൊലീസ്, അത് ഉടമസ്ഥന് തിരിച്ച് നല്‍കുകയും ചെയ്തു. പ്രതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

 

كشفت عن حيلة جديدة في ارتكاب جرائم السرقة
شرطة الشارقة تطيح بسارق السبائك الذهبية وتستعيد جميع الأموال والمسروقاتhttps://t.co/r2iZ1sta75 pic.twitter.com/r1dZoFJXsr

— شرطة الشارقة (@ShjPolice)
click me!