
ദുബായ്: മദ്യലഹരിയില്‍ കാമുകിയെ അടിച്ചുകൊന്ന വിദേശിക്കെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 40 വയസുകാരനായ ലബനീസ് പൗരനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ക്രൂരമായ മര്‍ദനമേറ്റ് തലയോട്ടി പൊട്ടിയാണ് കാമുകി മരിച്ചത്. എന്നാല്‍ കോടതിയില്‍ പ്രതി കൊലക്കുറ്റം നിഷേധിച്ചു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മര്‍ദിച്ചതെന്നായിരുന്നു ഇയാളുടെ വാദം.
കഴിഞ്ഞ വര്‍ഷം ജൂലൈ 25നായിരുന്നു കൊലപാതകം നടന്നത്. ദുബായ് മോട്ടോര്‍ സിറ്റിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന സെയില്‍ വിമണായ സ്ത്രീ ജോലിക്ക് വരാതിരുന്നതോടെ സഹപ്രവര്‍ത്തകരാണ് അന്വേഷിച്ചത്. സുഹൃത്തുക്കളായ രണ്ട് പേര്‍ താമസ സ്ഥലത്തെത്തി അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനോടൊപ്പം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് പൂട്ടിയിട്ടുണ്ടായിരുന്നില്ല. കിടപ്പുമുറിയില്‍ കട്ടിലില്‍ പുതച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉറങ്ങുകയാകാമെന്നാണ് സുഹൃത്തുക്കള്‍ കരുതിയതെങ്കിലും രക്തം കണ്ടതോടെ മരിച്ചതാണെന്ന് മനസിലായി. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
തലേദിവസം രാത്രി 3.30ഓടെ പ്രതി ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഇയാള്‍ അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. അല്‍പസമയം കഴിഞ്ഞ് ഇയാള്‍ വീണ്ടും വന്നുവെന്നും കാറിന്റെ താക്കോല്‍ മറന്നുവെന്ന് പറഞ്ഞ് വീണ്ടും ഫ്ലാറ്റിലേക്ക് കയറിപ്പോയെന്നും മൊഴിയിലുണ്ട്. കൊലപാതകത്തിന് ശേഷം രക്തം ഇയാള്‍ തന്നെ തുടച്ചുവൃത്തിയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഇവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും മനസിലായി.
സംഭവ ദിവസം വൈകുന്നേരം ഫ്ലാറ്റിലെത്തിയ പ്രതിയും കാമുകിയും രാത്രിവരെ ഒരുമിച്ച് ചിലവഴിച്ചു. മദ്യലഹരിയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. മൂക്കില്‍ നിന്ന് രക്തം വരുന്നത് വരെ താന്‍ മര്‍ദിച്ചുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായാവാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ശക്തമായ അടിയേറ്റ് തലയോട്ടി തകര്‍ന്ന് തലച്ചോറിന് ക്ഷതമേറ്റുമാണ് മരണം സംഭവിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
പ്രതിക്ക് പേടിയും ടെന്‍ഷനും ഉത്കണ്ഠയും കൊണ്ടുണ്ടാകുന്ന ചില മാനസിക രോഗങ്ങള്‍ ഉണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. ഇതിന് മരുന്നും കഴിച്ചിരുന്നു. എന്നാല്‍ ഈ രോഗം അബോധാവസ്ഥ ഉണ്ടാക്കില്ലെന്നും സ്വന്തം പ്രവൃത്തികള്‍ക്ക് പ്രതി തന്നെ ഉത്തരവാദിയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ മേയ് 21ന് വിചാരണ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam