Latest Videos

മന്ത്രവാദത്തിനുള്ള സാധനങ്ങളുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

By Web TeamFirst Published Oct 27, 2022, 8:34 PM IST
Highlights

ഏലസുകള്‍, തുകല്‍ കഷണങ്ങള്‍, ചില മന്ത്രങ്ങള്‍ അച്ചടിച്ച കടലാസുകള്‍, അജ്ഞാത ദ്രാവകങ്ങള്‍ നിറച്ച കുപ്പികള്‍ തുടങ്ങിയവയാണ് വിദേശത്തു നിന്ന് ഇയാള്‍ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്.

ദുബൈ: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 23 കിലോഗ്രാം സാധനങ്ങളാണ് ഇയാള്‍ കൊണ്ടുവന്നത്. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 തരം സാധനങ്ങള്‍ ഇയാളുടെ ലഗേജിലുണ്ടായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏലസുകള്‍, തുകല്‍ കഷണങ്ങള്‍, ചില മന്ത്രങ്ങള്‍ അച്ചടിച്ച കടലാസുകള്‍, അജ്ഞാത ദ്രാവകങ്ങള്‍ നിറച്ച കുപ്പികള്‍ തുടങ്ങിയവയാണ് വിദേശത്തു നിന്ന് ഇയാള്‍ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വെച്ച് ഇയാളുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ടപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ മന്ത്രവാദത്തിനുള്ള സാധനങ്ങള്‍ ലഗേജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ പിന്നീട് പൊലീസിന് കൈമാറി. 

മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ഇത്തരം സാധനങ്ങള്‍ ഉയര്‍ത്തുന്ന അപകടത്തെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും അതുകൊണ്ടു തന്നെ മന്ത്രാവാദത്തിനും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പലതരം സാധനങ്ങളെക്കുറിച്ച് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് നല്ല അവബോധം നല്‍കിയിട്ടുണ്ടെന്നും ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അഹ്‍മദ് പറഞ്ഞു. കസ്റ്റംസ് അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ കള്ളക്കടത്തുകാര്‍ പലപ്പോഴും പുതിയ മാര്‍ഗങ്ങളാണ് തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുര്‍മന്ത്രവാദം നടത്തുന്നതും അതിനായുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതും യുഎഇയിലെ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ലഭിക്കും. നേരത്തെയും സമാനമായ സാധനങ്ങള്‍ ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഏലസുകള്‍, തുകല്‍ കൊണ്ട് നിര്‍മിച്ച ബെല്‍റ്റുകള്‍,  ബ്രേസ്‍ലെറ്റുകള്‍, ചിലതരം കത്തികള്‍, പ്രത്യേകതരം മുത്തുമാലകള്‍, മന്ത്രവാദവുമായി ബന്ധപ്പെട്ട പുസ്‍തകങ്ങള്‍, രക്തവും എല്ലുകളും മീനിന്റെ മുള്ളുകളുമൊക്കെ അടങ്ങിയ ബാഗുകള്‍ തുടങ്ങിയവയൊക്കെ വിവിധ സമയങ്ങളില്‍ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൊണ്ടുവരുന്നവര്‍ നിയമനടപടികളും നേരിടേണ്ടി വരും.

click me!