ദുബായില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

By Web TeamFirst Published Dec 17, 2018, 4:21 PM IST
Highlights

ദുബായ് പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ സിസ്റ്റത്തില്‍ നിന്നും ചില വ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രതി പൊലീസുകാരനെ സമീപിച്ചത്. വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളോ യാത്രാ നിരോധനമോ ഉണ്ടോയെന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ദുബായ് കോടതിയുടെ സമീപത്ത് വെച്ചാണ് ഇതിനായി പൊലീസുകാരനെ സമീപിച്ചത്. 

ദുബായ്: പൊലീസ് ഉദ്ദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ വിദേശി പൗരന് ശിക്ഷ വിധിച്ചു. ഒരു അഭിഭാഷകന്റെ ഓഫീസില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്നയാള്‍ക്കാണ് രണ്ട് വര്‍ഷം തടവും 500 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

ദുബായ് പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ സിസ്റ്റത്തില്‍ നിന്നും ചില വ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രതി പൊലീസുകാരനെ സമീപിച്ചത്. വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളോ യാത്രാ നിരോധനമോ ഉണ്ടോയെന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ദുബായ് കോടതിയുടെ സമീപത്ത് വെച്ചാണ് ഇതിനായി പൊലീസുകാരനെ സമീപിച്ചത്. എന്നാല്‍ തനിക്ക് ഇത്തരം വിവരങ്ങള്‍ അറിയാനുള്ള അധികാരമില്ലെന്നായിരുന്നു പൊലീസുകാരന്‍ ആദ്യം മറുപടി നല്‍കിയത്. എന്നാല്‍ ഒരോ വ്യക്തിയുടേയും വിവരങ്ങള്‍ക്ക് 100 ദിര്‍ഹം വീതം നല്‍കാമെന്ന് പ്രതി വാഗ്ദാനം ചെയ്തു. വിവരങ്ങള്‍ക്ക് അന്വേഷിക്കേണ്ട വ്യക്തികളുടെ വിവരങ്ങള്‍ പിന്നീട് വാട്‍സ്ആപ് വഴി നല്‍കാമെന്നും ആകെ 500 ദിര്‍ഹം പ്രതിഫലം നല്‍കാമെന്നും പറഞ്ഞു.

പണം വാഗ്ദാനം ചെയ്ത കാര്യം പൊലീസ് ഉദ്ദ്യോഗസ്ഥന്‍ തന്റെ മേലധികാരികളെ ധരിപ്പിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം പ്രതിയെ കൈയോടെ പിടികൂടുന്നതിനായി, വിവരങ്ങള്‍ നല്‍കാമെന്ന് പൊലിസുകാരന്‍ ഇയാളെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറാനെത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു ഈജിപ്ഷ്യന്‍ സ്ത്രീയുടെ വിവരങ്ങള്‍ക്കായി 100 ദിര്‍ഹമാണ് അപ്പോള്‍ ഇയാള്‍ നല്‍കിയത്. പണം കൈമാറിയ ഉടന്‍ പൊലീസുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഫോണുകള്‍ പിടിച്ചെടുത്തെങ്കിലും കേസിന് ആവശ്യമായ തെളിവുകളൊന്നും ഇതില്‍ നിന്ന് ലഭിച്ചില്ല. മറ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

click me!