കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകൾ പ്രധിരോധിച്ചതായി കുവൈത്ത് ആർമി അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ തേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാർത്തകളോ അവഗണിക്കാനും ജനറൽ കമാൻഡ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
കുവൈത്ത് സിറ്റി: അമേരിക്ക-ഇസ്രയേൽ സംയുക്ത അക്രമണത്തിന് തിരിച്ചടിയായി പശ്ചിമേഷ്യയിൽ വ്യാപക ആക്രമണം നടത്തി ഇറാൻ. കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകൾ പ്രധിരോധിച്ചതായി കുവൈത്ത് ആർമി അറിയിച്ചു.
കുവൈത്തിന്‍റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ജാഗ്രതയുടെ ഭാഗമായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകളെ പ്രതിരോധിച്ചിട്ടുണ്ടെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ കമാൻഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ തേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാർത്തകളോ അവഗണിക്കാനും ജനറൽ കമാൻഡ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിലെ നിലവിലുള്ള രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിലെ വ്യോമപാത താൽക്കാലികമായി അടച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചിരുന്നു. വിമാന കമ്പനികളുടെയും യാത്രക്കാരുടെയും സുരക്ഷയും കുവൈത്ത് എയർപോർട്ടിലെ പ്രവർത്തനങ്ങളുടെയും സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല രഹ്‌ജി അറിയിച്ചു, ബന്ധപ്പെട്ട അധികാരികൾ പ്രാദേശികവും അന്താരാഷ്ട്രവുമായ ഏജൻസികളുമായി സഹകരിച്ച് 24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ വിവരങ്ങൾ ലഭിക്കുന്നതുമുതൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.


