ബഹ്റൈനിലെ പ്രാദേശിക കോടതികളില്‍ ജഡ്‍ജിമാരായി ഇനി പ്രവാസികളുമെത്തും

By Web TeamFirst Published Mar 8, 2021, 11:34 PM IST
Highlights

ഭേദഗതികള്‍ പരിശോധിച്ച്  അംഗീകാരം നല്‍കാനായി പാര്‍ലമെന്റിനും ശൂറക്കും രണ്ടാഴ്‍ച വീതമാണ് സമയം നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം കോടതികളിലെ ഔദ്യോഗിക ഭാഷ അറബി ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. 

മനാമ: ബഹ്റൈനിലെ പ്രാദേശിക കോടതികളില്‍ സ്വദേശികള്‍ക്കൊപ്പം പ്രവാസികളെയും ജഡ്‍ജിമാരായി നിയമിക്കും. ഇത് സംബന്ധിച്ച 2002ലെ ജുഡീഷ്യല്‍ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പാര്‍ലമെന്റിന്റെയും ശൂറയുടെയും അനുമതിക്കായി വിട്ടിരിക്കുകയാണിപ്പോള്‍.

ഭേദഗതികള്‍ പരിശോധിച്ച്  അംഗീകാരം നല്‍കാനായി പാര്‍ലമെന്റിനും ശൂറക്കും രണ്ടാഴ്‍ച വീതമാണ് സമയം നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം കോടതികളിലെ ഔദ്യോഗിക ഭാഷ അറബി ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. അറബി പരിജ്ഞാനമില്ലാത്തവരുടെ വാദം കേള്‍ക്കലുകള്‍ക്കായി വിവര്‍ത്തകരെ ഔദ്യോഗികമായിത്തന്നെ എത്തിക്കും. കൃത്യമായ വിവര്‍ത്തനം സംബന്ധിച്ച് ഇവര്‍ കോടതിക്ക് ഉറപ്പുനല്‍കുകയും വേണം. വിചാരണകളില്‍ കക്ഷികളായവര്‍ക്ക് കോടതികളില്‍ ഒന്നോ അതിലധികമോ ഭാഷകള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും നല്‍കും. ഇതിനായി അംഗീകൃത ഭാഷകളുടെ പട്ടിക തയ്യാറാക്കും. 

പുതിയ ഭേദഗതികളോടെ നിയമരംഗത്ത് കൂടുതല്‍ അന്താരാഷ്‍ട്ര പരിജ്ഞാനം ഉറപ്പാകുമെന്ന് ലെജിസ്‍ലേഷന്‍ ആന്റ്  ലീഗല്‍ ഓപ്പീനിയന്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കമ്പനികള്‍ തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ സങ്കീര്‍ണവും അറബിക്ക് പുറമെ മറ്റ് ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളുന്നവയുമായിരിക്കും. പ്രാദേശിക - അന്താരാഷ്‍ട്ര വ്യാപര രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലേക്ക് മാറിയെങ്കില്‍ മാത്രമേ അത്തരം കേസുകളില്‍ തീര്‍പ്പുണ്ടാക്കാനാവൂ. ഇതിന് സ്വദേശികള്‍ക്ക് പുറമെ പ്രാദേശിക കോടതികളില്‍ വൈദഗ്ധ്യമുള്ള വിദേശ ജഡ്‍ജിമാരുടെയും സേവനം അവശ്യമായി വരുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സാക്ഷികളില്‍ നിന്നും കേസിലെ കക്ഷികളില്‍ നിന്നും അറബി ഭാഷയിലുള്ള ആശയവിനിമയം പ്രതീക്ഷിക്കാനാവില്ല. ഇവര്‍ക്ക് യഥാവിധത്തിലുള്ള ആശയ വിനിമയം ഉറപ്പാക്കാന്‍ അറബിക്ക് പുറമെ മറ്റ് ഭാഷകളും കോടതികളില്‍ ലഭ്യമാവേണ്ടതുണ്ടെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

click me!