സൗദി തലസ്ഥാനമായ റിയാദിലെ ഷിഫയിൽ വാഹന പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പരസ്യമായി ഏറ്റുമുട്ടിയ 36 പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ത്, യമൻ, പാകിസ്താൻ പൗരന്മാരാണ് പിടിയിലായത്.  

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ഷിഫയിൽ കാർ ഷോറൂമിന് മുന്നിൽ വെച്ച് പരസ്യമായി ഏറ്റുമുട്ടിയ 36 പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ഷിഫയിലെ പ്രമുഖ കാർ ഷോറൂമിന് മുന്നിലായിരുന്നു പ്രവാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഷോറൂം ജീവനക്കാരും പുറത്തുനിന്നുള്ളവരും തമ്മിൽ പാർക്കിംഗിനെ ചൊല്ലി തുടങ്ങിയ തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പിടിയിലായവരിൽ 35 പേർ ഈജിപ്ത്, യമൻ പൗരന്മാരും ഒരാൾ പാകിസ്താൻ സ്വദേശിയുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പൊതുസ്ഥലത്ത് വെച്ച് ഇവർ പരസ്പരം ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റിയാദ് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു. അറസ്റ്റിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. തുടർ അന്വേഷണങ്ങൾക്കും വിചാരണക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ പൊതുനിയമങ്ങൾ ലംഘിക്കുന്നവർക്കും സമാധാനാന്തരീക്ഷം തകർക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗദി അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.