
റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി രാജേഷ് (58) മരിച്ചു. അൽഖർജിൽ മെക്കാനിക്കായിരുന്ന രാജേഷ് ആരോഗ്യനില വഷളായതിനെ തുടർന്ന് ദിവസങ്ങളോളം അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ ടിക്കറ്റും വീൽചെയറും യാത്രയ്ക്കുള്ള പ്രത്യേക അനുമതിയും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കവെയാണ് രക്തസമ്മർദവും ഓക്സിജന്റെ അളവും പെട്ടെന്ന് കുറഞ്ഞത്.
തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രവാസത്തിന്റെ അവസാന നാളുകളിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് രാജേഷ് യാത്രയായത്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം മുൻകൈയെടുത്തു. ഇതിനായി ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ടിൽനിന്നുള്ള സഹായവും ലഭ്യമാക്കി. ചില സാങ്കേതിക തടസ്സങ്ങൾ കാരണം നാട്ടിലെത്തിക്കുന്നതിൽ നേരിട്ട പ്രതിസന്ധികൾ മറികടന്ന് ഒക്ടോബർ 29ന് ദമ്മാം വിമാനത്താവളത്തിൽനിന്ന് ബഹ്റൈൻ വഴി മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഒക്ടോബർ 30ന് സംസ്‌കാരം നടന്നു. കഴിഞ്ഞ 32 വർഷമായി അൽഖർജിലെ സഹന പ്രദേശത്ത് വർക്ക്‌ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ സുകുമാരപിള്ളയുടെയും ഓമന അമ്മയുടെയും മകനാണ്. ഭാര്യ: സരിതകുമാരി. വിദ്യാർഥികളായ ശ്രീരാഗ്, ശ്രീനാഥ് എന്നിവർ മക്കളാണ്. സുരേഷ് കുമാർ ഏക സഹോദരനാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam