
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ സിറിയൻ പ്രവാസിയുടെ പണം പട്ടാപ്പകൽ വ്യാജ പൊലീസ് കവർന്നു. പൊലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം പരിശോധിക്കാനെന്ന വ്യാജേന 340 കുവൈത്ത് ദിനാറുമായി തട്ടിപ്പുകാരൻ കടന്നുകളഞ്ഞു. 1987-ൽ ജനിച്ച സിറിയൻ വംശജനാണ് ഈ ആസൂത്രിത തട്ടിപ്പിന് ഇരയായത്.
റോഡരികിൽ പ്രവാസിയെ തടഞ്ഞുനിർത്തിയ പ്രതി, താൻ പൊലീസുകാരനാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ലഹരിമരുന്ന് കൈവശമുണ്ടെന്നാരോപിച്ച് കാറിൽ പരിശോധന നടത്തുകയും, ഈ തക്കത്തിന് കാറിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് ഒരു പിക്കപ്പ് വാനിൽ വേഗത്തിൽ കടന്നുകളയുകയുമായിരുന്നു. വ്യാജ നന്പർ പ്ലേറ്റോ അല്ലെങ്കിൽ മോഷ്ടിച്ചതോ ആയ വാഹനമാണ് പ്രതി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ അൽ-ഷാബ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷണം, ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായി സിവിൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ട്രാഫിക് വിഭാഗവും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അധികൃതർ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. സിവിൽ വസ്ത്രത്തിൽ എത്തുന്നവർ പൊലീസാണെന്ന് അവകാശപ്പെട്ടാൽ നിർബന്ധമായും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടണം. ഉദ്യോഗസ്ഥരുടെ ഐഡി പരിശോധിക്കാൻ മതിയായ സമയം അനുവദിക്കണമെന്നാണ് നിയമം. ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഉടൻ തന്നെ മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam