Latest Videos

ജോലി ചെയ്‍തിരുന്ന കടയില്‍ മയക്കുമരുന്ന് വിറ്റ പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

By Web TeamFirst Published Jan 21, 2023, 5:58 PM IST
Highlights

ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. കടയിലെ ജോലിക്ക് തനിക്ക് കിട്ടിയിരുന്ന ശമ്പളം വളരെ കുറവായിരുന്നതിനാല്‍ പണമുണ്ടാക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് വില്‍പന നടത്തിയതെന്ന് ഇയാള്‍ പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞു. 

മനാമ: ജോലി ചെയ്‍തിരുന്ന കടയിലൂടെ മയക്കുമരുന്ന് വിറ്റ പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈനിലെ ജുഫൈറിലായിരുന്നു സംഭവം. ബ്രഡ്, പാല്‍, ചോക്കലേറ്റ് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കോള്‍ഡ് സ്റ്റോറേജില്‍ ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് അറസ്റ്റിലായത്.

ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നാണ് ഇയാള്‍ വില്‍പന നടത്തിയത്. കടയിലെത്തുന്ന  ഉപഭോക്താക്കള്‍ക്ക് രഹസ്യമായി മയക്കുമരുന്ന് വില്‍ക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഉപഭോക്താവെന്ന വ്യാജേന കടയിലെത്തി മയക്കുമരുന്ന് കിട്ടുമോയെന്ന് അന്വേഷിച്ചു. സംസാരത്തിനൊടുവില്‍ 50 ദിനാറിന് മയക്കുമരുന്ന് നല്‍കാമെന്ന് ഇയാള്‍ സമ്മതിച്ചു. മയക്കുമരുന്ന് കൈമാറിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. കടയിലെ ജോലിക്ക് തനിക്ക് കിട്ടിയിരുന്ന ശമ്പളം വളരെ കുറവായിരുന്നതിനാല്‍ പണമുണ്ടാക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് വില്‍പന നടത്തിയതെന്ന് ഇയാള്‍ പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞു. തന്റെ സുഹൃത്തുക്കളും കടയിലെത്തിയിരുന്ന ചില ഉപഭോക്താക്കളുമായിരുന്നു ലഹരി വസ്‍തുക്കള്‍ വാങ്ങിയിരുന്നതെന്നും പറഞ്ഞു. കുറച്ച് പണമുണ്ടാക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശമെന്നും ചെയ്‍ത് പോയ പ്രവൃത്തിയില്‍ ഖേദമുണ്ടെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ മൊഴി മാറ്റിയിരുന്നു. വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതി അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.

Read also: റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുന്നു; സര്‍വീസുകളില്‍ മാറ്റം വരും

click me!