സിഐഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; യുഎഇയില്‍ പ്രവാസി പിടിയില്‍

By Web TeamFirst Published Apr 26, 2019, 3:55 PM IST
Highlights

ഫുജൈറയിലെ ഒരു സ്വകാര്യ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാളുടെ തട്ടിപ്പുകള്‍ വെളിച്ചത്തുവന്നത്. ആശുപത്രിയില്‍ സിഐഡി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയതിന് പുറമെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കാണിച്ചു. 

ഫുജൈറ: സിഐഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിദേശിയെ ഫുജൈറ പൊലീസ് പിടികൂടി. ഔദ്യോഗിക രേഖകള്‍ വ്യാജമായുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിയെ കഴിഞ്ഞ ദിവസം ഫുജൈറ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

ഫുജൈറയിലെ ഒരു സ്വകാര്യ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാളുടെ തട്ടിപ്പുകള്‍ വെളിച്ചത്തുവന്നത്. ആശുപത്രിയില്‍ സിഐഡി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയതിന് പുറമെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കാണിച്ചു. സൗജന്യ ചികിത്സയും മരുന്നുകളും കിട്ടുന്നതിനായി വ്യാജ രേഖകളും ഇയാള്‍ സമര്‍പ്പിച്ചു. ഇതില്‍ സംശയം തോന്നിയ ആശുപത്രി മാനേജ്മെന്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

രണ്ട് വ്യാജ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളും എമിറേറ്റ്സ് ഐഡിയും പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ആക്സസ് കാര്‍ഡുമൊക്കെ ഇയാള്‍ ആശുപത്രിയില്‍ ഹാജരാക്കിയിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിന്മേല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. അര്‍ഹതയില്ലാത്ത സേവനങ്ങള്‍ക്കായി താന്‍ വ്യാജ രേഖകളൊന്നും ചമച്ചിട്ടില്ലെന്നായിരുന്ന് ഇയാള്‍ പറഞ്ഞു. യഥാര്‍ത്ഥ രേഖകള്‍ ഉടമയുടെ അനുവാദത്തോടെയാണ് താന്‍ ഉപയോഗിച്ചതെന്നായിരുന്നു വാദം.

click me!