
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിന്റാസിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ടുപേർ ഏഷ്യൻ പ്രവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതായി പരാതി. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
രാത്രി ഏഴുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസിയെ രണ്ടുപേർ തടഞ്ഞുനിർത്തുകയായിരുന്നു. തങ്ങൾ ഡിറ്റക്ടീവുകളാണെന്ന് പരിചയപ്പെടുത്തിയ ഇവർ, ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞ് പരിശോധന നടത്തി. എന്നാൽ മയക്കുമരുന്നൊന്നും കണ്ടെത്താനായില്ല. തുടർന്ന് തിരിച്ചറിയൽ രേഖ പരിശോധിക്കാനെന്ന പേരിൽ പ്രതികൾ ഇയാളുടെ പഴ്‌സ് ആവശ്യപ്പെട്ടു. പഴ്‌സ് കൈമാറിയതോടെ അതിലുണ്ടായിരുന്ന സാധനങ്ങളും സിവിൽ ഐഡിയും പ്രതികൾ കൈക്കലാക്കിയെന്നാണ് പരാതി.
പ്രവാസി എതിർക്കുകയും സഹായത്തിനായി നിലവിളിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പ്രതികൾ ഇയാളെ ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ അക്രമത്തോടെയുള്ള കവർച്ച, പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുന്നതിനായി ഫിന്റാസ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam