വാട്സ്ആപില്‍ അയച്ച വോയ്സ് ക്ലിപ്പിന്റെ പേരില്‍ പ്രവാസിക്കെതിരെ യുഎഇയില്‍ നടപടി

By Web TeamFirst Published Jan 3, 2019, 11:03 AM IST
Highlights

വാട്സ്ആപ് വഴി നടന്ന വാക്കുതര്‍ക്കത്തിനിടെ 'തന്റെ തലയ്ക്കകത്ത് ഒന്നുമില്ലേ?' എന്ന് ചോദിച്ചുവെന്നും തന്നെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. തലയില്‍ ഒന്നുമില്ലേയെന്ന് ചോദിച്ചുവെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു.

ഷാര്‍ജ: വാക്കുതര്‍ക്കത്തിനിടെ മറ്റൊരാള്‍ക്ക് അയച്ച വോയ്സ് ക്ലിപ്പിന്റെ പേരില്‍ ഷാര്‍ജയില്‍ പ്രവാസിക്കെതിരെ നടപടി. തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും കാണിച്ച് സന്ദേശം ലഭിച്ചയാള്‍ പരാതി നല്‍തിയതോടെയാണ് ഏഷ്യക്കാരന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകേണ്ടി വന്നത്.

വാട്സ്ആപ് വഴി നടന്ന വാക്കുതര്‍ക്കത്തിനിടെ 'തന്റെ തലയ്ക്കകത്ത് ഒന്നുമില്ലേ?' എന്ന് ചോദിച്ചുവെന്നും തന്നെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. തലയില്‍ ഒന്നുമില്ലേയെന്ന് ചോദിച്ചുവെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. തന്റെ നാട്ടുകാര്‍ സാധാരണ ഉപയോഗിക്കുന്ന ചോദ്യമാണെന്നും അതില്‍ അപമാനകരമായി എന്തെങ്കിലുമുണ്ടെന്ന് കരുതിയിരിരുന്നില്ലെന്നുമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. നാടുകടത്തുമെന്ന് താന്‍ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. പരാതിക്കാരനുമായി സംസാരിച്ച് രമ്യമായി പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വെറുതെ പറഞ്ഞ വാക്കുകള്‍ നിയമക്കുരുക്കായി മാറുമെന്ന് കരുതിയില്ലെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് കേസ് ജനുവരി 20ലേക്ക് മാറ്റിവെയ്ക്കുന്നുവെന്ന് കോടതി അറിയിക്കുകയായിരുന്നു.

click me!