ഉറങ്ങിക്കിടന്ന സഹതൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമം; യുഎഇയില്‍ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ, നാടുകടത്തല്‍

By Web TeamFirst Published Oct 7, 2020, 9:15 PM IST
Highlights

വാക്കേറ്റത്തിന് ശേഷം സഹതൊഴിലാളി ഉറങ്ങിയപ്പോള്‍ മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്താന്‍ ഏഷ്യക്കാരനായ പ്രതി ശ്രമിച്ചെന്നാണ് കേസ്.

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ സഹതൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഏഷ്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ അവസാനിക്കുമ്പോള്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 

പരസ്പരം വാക്കേറ്റമുണ്ടായതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. വാക്കേറ്റത്തിന് ശേഷം സഹതൊഴിലാളി ഉറങ്ങിയപ്പോള്‍ മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്താന്‍ ഏഷ്യക്കാരനായ പ്രതി ശ്രമിച്ചെന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് സഹതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. അമിതമായ രക്തസ്രാവം ഉണ്ടായതോടെ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ തലയ്ക്കും തോളിനും ഗുരുതര പരിക്കേറ്റിരുന്നു.

പ്രതി കരുതിക്കൂട്ടി കൊല നടത്താന്‍ ശ്രമിച്ചെന്ന് റാസല്‍ഖൈമ പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പുറമെ സഹതൊഴിലാളിയോട് മോശമായ ഭാഷയില്‍ സംസാരിച്ചതിനും കുറ്റം ചുമത്തി. എന്നാല്‍ ആസൂത്രണം ചെയ്തല്ല ആക്രമണം നടത്തിയതെന്നും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും പ്രതി പറഞ്ഞു. മര്‍ദ്ദിച്ച് ഭയപ്പെടുത്താന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്ന് പ്രതി കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 30ലേക്ക് കേസ് മാറ്റിവെച്ച കോടതി പിന്നീട് ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ 10 വര്‍ഷം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനും ഉത്തരവിടുകയായിരുന്നു. 
 

click me!