
ദുബായ്: ഗ്ലൗസ് ധരിക്കാതെ ഡൈ ഉപയോഗിച്ച പ്രവാസി യുവതിയുടെ കൈയ്യില്‍ ഗുരുതരമായി പൊള്ളലേറ്റു. ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 29 വയസുകാരിക്ക് നാല് ദിവസം ചികിത്സ വേണ്ടിവന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യു.എ.ഇ മാധ്യമമായ ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സഹോദരിയുടെ മുടി ഡൈ ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. വീടിനടുത്തുള്ള കടയില്‍ നിന്നാണ് ഡൈ വാങ്ങിയതെന്നും തിരക്കുണ്ടായിരുന്നതിനാല്‍ ഗ്ലൗസ് ഉപയോഗിച്ചില്ലെന്നുമാണ് 29കാരിയായ യുവതി പറഞ്ഞതെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൈയ്യില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടെങ്കിലും ചികിത്സ തേടാതെ വീട്ടിലുണ്ടായിരുന്ന ക്രീമുകളും മറ്റും ഉപയോഗിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞശേഷവും വേദനയും നീരും വര്‍ദ്ധിച്ചതോടെയാണ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാസവസ്തുക്കള്‍ കൊണ്ട് പൊള്ളലേറ്റ നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്ന് റാഷിദ് ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മര്‍വാന്‍ അല്‍ സറൂനി പറഞ്ഞു. കഠിനമായ വേദനയും നീരും ശരീരത്തിലുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാല് ദിവസം ചികിത്സ നല്‍കിയാണ് ഇവ ഭേദപ്പെടുത്താന്‍ കഴിഞ്ഞത്. വീടുകളില്‍ സ്വന്തമായി ഡൈ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രാന്‍ഡഡ് ഡൈകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ കുറയ്ക്കും. ശരീരത്തില്‍ അല്‍പസ്ഥലത്ത് മാത്രം ആദ്യം ഇവ ഉപയോഗിച്ച് നോക്കിയ ശേഷം പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പൂര്‍ണ്ണമായും ഉപയോഗിക്കുകയുമാണ് നല്ലത്. ഗ്ലൗസ് ഉപയോഗിക്കാതെ ഇത്തരം രാസവസ്തുക്കള്‍ കൈകാര്യം ചെയ്യരുതെന്നും എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടണമെന്നും ഡോ. മര്‍വാന്‍ അല്‍ സറൂനി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam