മലദ്വാരത്തില്‍ ഒളിപ്പിച്ച് നാട്ടില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

By Web TeamFirst Published Sep 6, 2022, 1:25 PM IST
Highlights

വിമാനത്താവളത്തില്‍ വെച്ച് അസ്വസ്ഥനായി കാണപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. എക്സ്റേ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളില്‍ എന്തോ വസ്‍തു ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. 

മനാമ: സ്വന്തം ശരീരത്തിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്റൈനില്‍ പിടിയിലായ പ്രവാസിക്കെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. ക്രിസ്റ്റല്‍മെത്ത് എന്ന മയക്കുമരുന്ന് അടങ്ങിയ 90 ക്യാപ്‍സൂളുകളാണ് ഇയാള്‍ മലാശയത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കുമരുന്ന് ബഹ്റൈനില്‍ എത്തിക്കുന്നതിന് പകരമായി തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്‍തിരുന്നുവെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

42 വയസുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  വിമാനത്താവളത്തില്‍ വെച്ച് അസ്വസ്ഥനായി കാണപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. എക്സ്റേ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളില്‍ എന്തോ വസ്‍തു ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെത്തിച്ചു. ഇവിടെ വെച്ച് 600 ഗ്രാം മയക്കുമരുന്നാണ് ഇയാള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. വിപണിയില്‍ ഇതിന് 20,000 ബഹ്റൈനി ദിനാര്‍ (42 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മൂല്യമുണ്ടെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു. നാട്ടില്‍ തന്നെയുള്ള മറ്റൊരാള്‍ പണവും ജോലിയും വാഗ്ദാനം ചെയ്‍താണ് മയക്കുമരുന്ന് കടത്തിന് നിര്‍ബന്ധിച്ചതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. മലദ്വാരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ അറസ്റ്റിലാവുകയായിരുന്നു.

അതേസമയം ഇയാള്‍ അന്താരാഷ്‍ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. നാട്ടില്‍ നിന്ന് ഒരാള്‍ മയക്കുമരുന്ന് നല്‍കി അത് ബഹ്റൈനിലെത്തിക്കാന്‍ നിര്‍ദേശിച്ചു. ഇവിടെയെത്തുമ്പോള്‍ മറ്റൊരാള്‍ അവ കൈപ്പറ്റുമെന്നായിരുന്നു നിര്‍ദേശമെന്നും പ്രതി ഉദ്യോഗസ്ഥരോട് പറ‍ഞ്ഞു.

Read also:  വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഏഴ് പ്രവാസി വനിതകളെ പൊലീസ് പിടികൂടി

click me!