
റാസല്‍ഖൈമ: കാര്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസിക്ക് ലഭിച്ചത് 20,000 ദിര്‍ഹം(3 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ). റാസല്‍ഖൈമ പൊലീസിന്റെ പുതിയ പദ്ധതിയിലൂടെയാണ് പാകിസ്ഥാനിയായ അക്തര്‍ ഹുസ്സൈനെ ഭാഗ്യം തേടിയെത്തിയത്. റാസല്‍ഖൈമ പൊലീസിന്റെ പ്രതിമാസ സമ്മാന പദ്ധതിയായ 'മൈ ലക്കി നമ്പറി'ലെ അഞ്ചാമത്തെ ഭാഗ്യവാനായാണ് അക്തര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
എമിറേറ്റിലെ താമസക്കാരെ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ഇലക്ട്രോണിക് സംവിധാനം വഴി ഓട്ടോമാറ്റിക് ആയാണ് വിജയികളുടെ നമ്പറുകള്‍ തെരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ വിജയിയായാണ് അക്തര്‍ തെരഞ്ഞെടുക്കപ്പെട്ടത്. റാസല്‍ഖൈമ എമിറേറ്റില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസക്കാരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും വിവരങ്ങള്‍ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് വേണ്ടിവന്നതെന്നും സമ്മാനാര്‍ഹനായ അക്തര്‍ പറഞ്ഞു.
കൂടുതല്‍ വാഹന ഉടമകളെ തങ്ങളുടെ പുതിയ വാഹനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യാന്‍ പദ്ധതി പ്രേരിപ്പിച്ചതായും മാസത്തില്‍ നടക്കുന്ന നറുക്കെടുപ്പ് ഇലക്ട്രോണിക് സംവിധാനം വഴിയാണെന്നും ഇത് പൂര്‍ണമായും സുതാര്യവും വിശ്വസനീയവുമാണെന്നും റാസല്‍ഖൈമ പൊലീസിലെ ജനറല്‍ റിസോഴ്‌സസ് അതോറിറ്റി ബോര്‍ഡ് അംഗമായ അബ്ദുള്ള ബിന്‍ സല്‍മാന്‍ അല്‍ നുഐമി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam